കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം കടുത്തതോടെ പ്രചരണ തന്ത്രങ്ങള്‍ മാറ്റി സിപിഎം. കേരളത്തിലും കേന്ദ്രത്തിലും ബിജെപിയെ മുഖ്യശത്രുവായി കണ്ട് ആഞ്ഞടിച്ചിരുന്ന സിപിഎം ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്കു പിന്നാലെയാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെുള്ള നേതാക്കള്‍ രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെ അദ്ദേഹത്തെ കടന്നാക്രമിക്കുന്നു. അതേസമയം ബിജെപിയെ തല്കാലത്തേക്കെങ്കിലും ‘നൈസായി’ ഒഴിവാക്കാനാണ് തീരുമാനം.
രാഹുല്‍ എത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ടായ ആവേശം വോട്ടായി മാറിയാല്‍ സിപിഎം ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മലബാറിലെ കോഴിക്കോടും കണ്ണൂരും വടകരയും കൈവിട്ടുപോകും. കോണ്‍ഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കള്‍ ഇനി തെരഞ്ഞെടുപ്പു കഴിയും വരെ മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപിലാനാണ് രാഹുല്‍ ഗാന്ധിയുടെ പ്രചരണകാര്യങ്ങളുമായി ബന്ധപ്പെട്ട ചുമതല.
ഈ ഒരു സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുന്നതിനൊപ്പം കേരളത്തില്‍ 20 സീറ്റും സ്വപ്നം കാണുന്ന കോൺഗ്രസ് സിപിഎമ്മിനെതിരേയും സംസ്ഥാനസര്ക്കാരിനെതിരേയും ശക്തമായ പ്രചാരണം നടത്തും. ഫലത്തില്‍ ഇത് ഏറ്റവും അധികം ക്ഷീണം ചെയ്യുക സിപിഎമ്മിന് തന്നെയാണ്. അതറിഞ്ഞുകൊണ്ടുതന്നെയാണ് സിപിഎം തുടക്കം മുതല്ക്കുതന്നെ രാഹുല്‍ഗാന്ധിയെ തുറന്നെതിര്‍ക്കുന്നത്.
ഇന്നലെ കോഴിക്കോട് ബീച്ചില്‍ കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ഥി എ. പ്രദീപ് കുമാറിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് രാഹുല്‍ രാഹുല്‍ഗാന്ധിക്കെതിരേ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തി. ഇടതു പക്ഷത്തിന്റെ കരുത്ത് വയനാട്ടില്‍ രാഹുല്‍ ഗാന്ധി കാണാന്‍ പോകുന്നമതയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്. വയനാടിനെ ഏറെ ബാധിക്കുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നിലപാട് എന്തെന്നും അദ്ദേഹം ചോദിച്ചു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാഹുലിനെതിരേ ശക്തമായ പ്രചാരണം നടത്താനാണ് സിപിഎം തീരുമാനം. ഇതിനായി ഒരോദിവസവും സംസ്ഥാന നേതാക്കളെയും പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളില്‍ പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി തുടങ്ങിയ നേതാക്കളെയും രംഗത്തിറക്കും.
ലത്തില്‍ ഒന്നോ രണ്ടോ സീറ്റ് ബിജെപിക്ക് കേരളത്തില്‍ കിട്ടുന്നതിനേക്കാള്‍ രാഹുല്‍ വരുന്നതോടെയുള്ള തരംഗം മറികടക്കാനാണ് സിപിഎം തീരുമാനം. ഇതിനായില്ലെങ്കില്‍ ദേശീയ പാര്‍ട്ടി എന്ന അംഗീകാരം പോലും സിപിഎമ്മിന് നഷ്ടമാകുന്ന സ്ഥിതിവിശേഷമുണ്ടാകും.
കേരളത്തില്‍ മാത്രമാണ് ഇപ്പോള്‍ സിപിഎമ്മിന് രണ്ടക്ക സീറ്റ് പ്രതീക്ഷയുള്ളത്. അതിനായി നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം കൊഴുപ്പിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ രംഗപ്രവേശം. എന്തായാലും ബിജെപിയെ ആക്രമിക്കുന്നതിനേക്കാള്‍ സേഫ് ഇപ്പോള്‍ കോണ്‍ഗ്രസിനെതിരേ പ്രചാരണം നടത്തുന്നതാണെന്ന നിലപാടാണ് നേതാക്കള്‍ക്കുള്ളത്.