വീട്ടമ്മയെ ആക്രമിച്ചെന്ന പരാതിയില്‍ സിപിഎമ്മിന്റെ പെരുമ്പാവൂര്‍ നഗരസഭാ കൗണ്‍സിലര്‍ പി.എസ്. അഭിലാഷിനെതിരേ പോലീസ് കേസ്.
വീട് വാങ്ങുന്നതിന് അഡ്വാന്‍സായി നല്കിയ തുക തിരിച്ചുചോദിച്ചപ്പോള്‍ തന്നെ അഭിലാഷ് കൈയ്യേറ്റം ചെയ്തെന്നായിരുന്നു പട്ടിക വിഭാഗത്തില്‍പ്പെടുന്ന വീട്ടമ്മയുടെ പരാതി.
അഭിലാഷിന്റെ അമ്മയുടെ പേരിലുള്ള വീടും സ്ഥലവും വാങ്ങുന്നതിനായി പരാതിക്കാരി നാലുവര്‍ഷം മുമ്പ് അമ്പതിനായിരം രൂപ നല്‍കിയിരുന്നു.
എന്നാല്‍, ഈട് വസ്തു വെള്ളം കയറുന്ന സ്ഥലമായതിനാല്‍ ബാങ്ക് വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് ഇവര്‍ വീട് വാങ്ങുന്നത് വേണ്ടെന്നുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വീട് വില്ക്കുമ്പോള് പണം നല്‍കാമെന്നാണ് അഭിലാഷ് പറഞ്ഞിരുന്നത്.
വീട് വിറ്റുവെന്നറിഞ്ഞ്, പലതവണ പണം ആവശ്യപ്പെട്ടിട്ടും അഭിലാഷ് നല്കാന് തയ്യാറായില്ല. ചികിത്സയ്ക്കായി പണം അത്യാവശ്യമായിരുന്നതിനാല്‍ തിങ്കളാഴ്ച രാത്രി പണം ആവശ്യപ്പെട്ട് അഭിലാഷിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് പരാതി.
മര്‍ദിക്കുകയും ഫോണ്‍ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തെന്നും വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.
എന്നാല്‍, വീട്ടമ്മയുടെ ആരോപണങ്ങള്‍ അഭിലാഷ് നിഷേധിച്ചു. ഏകപക്ഷീയമായി പിന്മാറിയതിനാല് പണം നല്‍കേണ്ടതില്ലെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് കൗണ്‍സിലറുടെ വാദം.
അതേസമയം, സിപിഎം അംഗമായതിനാല്‍ പോലീസ് അറസ്റ്റ് വൈകിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അഭിലാഷിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പ്രതിയെ സംരക്ഷിച്ചാല്‍ സമരത്തിലേക്ക് നീങ്ങുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.