കണ്ണൂർ: കോർപറേഷൻ ഓഫീസിൽ അപേക്ഷ നൽകാനെത്തിയ യുവാവിനെ സിപിഎം നേതാവും കോർപറേഷൻ കൗൺസിലറുമായ എൻ. ബാലകൃഷ്ണനും താത്കാലിക ജീവനക്കാരനും മർദിച്ച സംഭവം കോൺഗ്രസ് ഏറ്റെടുക്കുന്നു. ഗുണ്ടായിസവും താത്കാലിക ജീവനക്കാരുടെ താന്തോന്നിത്തരവുമാണ് കോർപറേഷനിൽ നടക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ ആരോപിച്ചു.
അനധികൃത കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോർപറേഷൻ ഭരണസമിതിക്ക് പലതും ഒളിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധ നടപടികൾക്ക് എതിരേ കോൺഗ്രസ് പ്രക്ഷോഭം നടത്തും. യുവാവിനെ മർദിച്ച സംഭവത്തിൽ കോൺഗ്രസ് എടക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ കോർപറേഷനിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു.
വിവരാവകാശ അപേക്ഷ നൽകാനെത്തിയ കടലായി വടക്കുളം ആയില്യത്തിൽ വി.കെ. ശ്രീജിത്തിനെ മർദിച്ച സംഭവത്തിൽ കോർപറേഷൻ കൗൺസിലർ എൻ. ബാലകൃഷ്ണനും താത്കാലിക ഡ്രൈവർമാരായ കൃപേഷ്, മിഥുൻ എന്നിവർക്കുമെതിരേ ടൗൺ പോലീസ് കേസെടുത്തു. ഡ്രൈവർ നൽകിയ പരാതിയിൽ ശ്രീജിത്തിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
കോർപറേഷനിൽ എത്തുന്നവരെ ആക്രമിക്കുന്നതിന് പിന്നിൽ ഭരണസമിതിക്ക് എന്തൊക്കെയോ മറിച്ചുവെക്കാനുള്ളത് കൊണ്ടാണെന്ന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ഒ. മോഹനൻ പറഞ്ഞു. കുറുവ യുപി സ്കൂളിനു സമീപത്തെ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ടാണ് വിവരാവകാശം അപേക്ഷവഴി വിശദീകരണം തേടിയത്.