ആലപ്പുഴ: ഇടതുമുന്നണയിൽ കലാപക്കൊടിയുയർത്തി സിപിഎം- സിപിഐ പോര് രൂക്ഷമാകുന്പോൾ അതിന്റെ അലയൊലികൾ സൈബർ ലോകത്തും. കഴിഞ്ഞദിവസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ പത്രസമ്മേളനത്തെത്തുടർന്നാണ് ഇരുപാർട്ടികളുടെയും അംഗങ്ങളും അനുഭാവികളും തങ്ങളുടെ സംഘടനയെ ന്യായീകരിക്കുന്ന തരത്തിൽ പോസ്റ്റുകളും അഭിപ്രായങ്ങളുമായി സൈബർ ലോകത്ത് ചർച്ച സജീവമാക്കിയത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രകാശ് കാരാട്ട് അടക്കമുള്ള സിപിഎം നേതാക്കളും കാനം രാജേന്ദ്രനും തമ്മിൽ നടന്നുവന്ന വാക് പോരിൽ സിപിഐ നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള കാനം രാജേന്ദ്രന്റെ പത്രസമ്മേളനം സിപിഎമ്മിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരുന്നു.
പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കൾ കഴിഞ്ഞദിവസങ്ങളിൽ നടത്തിയ പ്രസ്താവനകൾക്ക് അക്കമിട്ട് മറുപടി പറഞ്ഞ കാനം രാജേന്ദ്രൻ സിപിഐയെക്കുറിച്ച് സിപിഎം നേതാക്കളായ എം. എം. മണി, ഇ. പി. ജയരാജൻ എന്നിവർ നടത്തിയ പ്രസ്താവനകളെ പരിഹസിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അലയൊലികളാണ് കഴിഞ്ഞദിവസങ്ങളിൽ നവമാധ്യമങ്ങളിലും സജീവമായിരിക്കുന്നത്. വിദേശത്തുനിന്നടക്കമുള്ളവരാണ് വിഷയം സംബന്ധിച്ച് നടക്കുന്ന ചർച്ചകളിൽ സജീവമാകുന്നത്. ഇരുപാർട്ടികളുടെയും അനുഭാവികൾ തങ്ങളുടെ നേതാക്കളെ അനുകൂലിക്കുകയും തങ്ങളുടെ വാദങ്ങൾക്ക് ശക്തിപകരാൻ വിവിധ കാലഘട്ടങ്ങളിലെ സംഭവങ്ങൾ ഓർമിപ്പിക്കുകയും ചെയ്യുന്നുണ്ട്. താഴെത്തട്ടുമുതൽ സംസ്ഥാന തലത്തിൽ വരെ പ്രവർത്തിക്കുന്ന നേതാക്കളുടെ പേജുകളിലടക്കം ഇത്തരം ചർച്ചകൾ സജീവമാണ്.
നിലന്പൂരിൽ പോലീസിന്റെ മാവോയിസ്റ്റ് വേട്ട നടന്നപ്പോൾ സമാനമായ ചർച്ചകൾ സൈബർ ലോകത്ത് നടന്നിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം വിവിധ വിഷയങ്ങളിൽ ഇരുപാർട്ടികളുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യസങ്ങൾ നിരവധിത്തവണ മറനീക്കി പുറത്തുവന്നിരുന്നു.
മുന്നണിയിലെ പ്രധാന പാർട്ടികൾ തമ്മിലുള്ള തർക്കം ഭരണത്തെയും മുന്നണി കെട്ടുറപ്പിനെയും ബാധിക്കുമെന്നതിനാൽ ഇരുപാർട്ടികളും തമ്മിൽ അന്ന് ഉഭയകക്ഷിചർച്ച നടത്താനും പരസ്യവിമർശനം ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പത്രസമ്മേളനത്തോടെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുകയാണ്. സിപിഐയുടെ ആരോപണങ്ങൾക്ക് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കണ്ണൂരിൽ പത്രസമ്മേളനത്തിൽ മറുപടി പറയുക കൂടി ചെയ്യുന്നതോടെ സൈബർ ലോകത്തെ പോരാട്ടം കൂടുതൽ മുറുകാനാണ് സാധ്യത.