വൈപ്പിന്‍: ഞാറയ്ക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സിപിഎം-സിപിഐ സംഘര്‍ഷത്തില്‍ അഞ്ച് സിപിഎം ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ ഉൾപ്പെടെ അഞ്ച് പേർക്കെതിരേ പോലീസ് കേസെടുത്തു.
സിപിഐ മണ്ഡലം സെക്രട്ടറി കെ.എല്‍. ദിലീപ് കുമാറിനെയും ലോക്കല്‍ സെക്രട്ടറി എന്‍.എ. ദാസനെയും കൈയേറ്റം ചെയ്ത സംഭവത്തിലും സിപിഐയുടെ ഞാറക്കല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നിലെ കൊടിമരവും ഓഫീസിനകത്തെ കസേരകളും നശിപ്പിച്ച സംഭവവും ഉള്‍പ്പെടുത്തിയാണ് കേസ്.
ഇന്നലെ വൈകുന്നേരം ഞാക്കല്‍ ബാങ്ക് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് -സിപിഐ കൂട്ടുകെട്ടില്‍ മത്സരിച്ച സഹകരണ സംരക്ഷണ മുന്നണി മൂന്നിനെതിരേ ആറ് സീറ്റുകള്‍ നേടി ഭരണം ഉറപ്പാക്കിയിരുന്നു.
സിപിഎം ഒറ്റക്ക് നേതൃത്വം നല്കിയ സഹകരണ സംരക്ഷണ മുന്നണി മൂന്ന് സീറ്റില്‍ ഒതുങ്ങി. വിജഹ്ലാദം നടത്തുന്നതിനിടെയാണ് സിപിഐ ഓഫീസ് ആക്രമിച്ചതും നേതാക്കളെ കൈയേറ്റം ചെയ്തതുമത്രെ.
സംഭവത്തില്‍ പോലീസ് കാഴ്ചക്കാരായി നോക്കിനിന്നു എന്നാരോപിച്ച് സിപിഐ-കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സഹകരണ സംരക്ഷണ മുന്നണി രാത്രി ഞാറക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
അതേസമയം കൈയേറ്റമുണ്ടായില്ലെന്നും ജനാധിത്യ സംരക്ഷണ മുന്നണി നടത്തിയ വിജയാഹ്ലാദത്തിനിടെ സഭ്യമല്ലാത്ത രീതിയില്‍ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തുള്ള വാക്ക് തര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും സിപിഎം ഏരിയാ സെക്രട്ടറി എ.പി. പ്രിനില്‍ അറിയിച്ചു.
മാത്രമല്ല കോണ്‍ഗ്രസിന്റെ കുത്തകയായ ഞാറക്കല്‍ ബാങ്കില്‍ മൂന്ന് സീറ്റ് പിടിച്ചെടുത്തത് സിപിഎമ്മിന്റെ വിജയം തന്നെയാണെന്നും എരിയാ സെക്രട്ടറി അവകാശപ്പെട്ടു.