തളിപ്പറമ്പ്: തളിപ്പറമ്പ് മാന്ദാംകുണ്ടില് സിപിഐ -സിപിഎം സംഘര്ഷം. ഇന്നലെ രാത്രി സിപിഐ പ്രവര്ത്തകനായ കെ. ബിനുവിനെ സിപിഎം പ്രവര്ത്തകര് തടഞ്ഞ് നിര്ത്തി മര്ദിക്കുകയും കാര് തല്ലി തകര്ക്കുകയും ചെയ്തതായി പരാതി.
അക്രമത്തില് പരിക്കേറ്റ ബിനുവിനെ തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. സിപിഎം പ്രവര്ത്തകര്ക്കെതിരേ പാര്ട്ടി അച്ചടക്ക നടപടിയെടുത്ത സംഭവത്തില് സോഷ്യല് മീഡിയ വഴി ബിനു കമന്റ് ചെയ്തതിന്റെ വിദ്വേഷമാണ് അക്രമത്തിന് പിന്നിലെന്ന് സിപിഐ പ്രവര്ത്തകര് പറയുന്നു.
നേരത്തെ സോഷ്യല് മീഡിയ വഴി ബിനുവിനെതിരേ സിപിഎം പ്രവര്ത്തകര് നിരന്തരം ഭീഷണി മുഴക്കിയതായും പറയുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 ഓടെയാണ് വീട്ടിലേക്ക് വരികയായിരുന്ന ബിനുവിനെ തടഞ്ഞ് നിര്ത്തി ഒരു സംഘം സിപിഎം പ്രവര്ത്തകര് മര്ദിച്ചത്.
സിപിഐ മാന്ദാംകുണ്ട് ബ്രാഞ്ച് അസി.സെക്രട്ടറിയായ കെ.ബിജുവിന്റെ സഹോദരനാണ് ബിനു. രാത്രി തന്നെ തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി വിവരങ്ങള് ശേഖരിച്ചു. സംഭവത്തില് തളിപ്പറമ്പ് പോലീസില് പരാതി നല്കാനൊരുങ്ങുകയാണ് സിപിഐ നേതൃത്വം.
അതേ സമയം ജൂണ് നാലിന് നടക്കാനിരിക്കുന്ന സിപിഎം പൊതുയോഗ പ്രചരണാര്ഥം ബോര്ഡ് തയാറാക്കി വരവേ സിപിഎം മാന്ദാംകുണ്ട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പി.വി. സുരേഷ് കുമാര്, പാര്ട്ടി മെമ്പര് കെ.വി. രാജേഷ് എന്നിവരെ മദ്യലഹരിയില് കാറോടിച്ച് വന്ന സിപിഐ പ്രവര്ത്തകനായ കെ. ബിനു അക്രമിച്ചെന്ന് സിപിഎം പ്രവര്ത്തകര് തളിപ്പറമ്പ് പോലീസില് പരാതി നല്കിയിട്ടുണ്ട്.
കെ.വി. രാജേഷിനെ പിടിച്ച് തള്ളിയിടുകയും പ്രചാരണ ബോര്ഡ് വലിച്ച് കീറുകയും ചെയ്തെന്നും പരാതിയില് പറയുന്നു.