നെടുങ്കണ്ടം(ഇടുക്കി): മന്ത്രി എം.എം.മണിക്കും സിപിഎമ്മിനുമെതിരേ രൂക്ഷവിമർശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ. സിപിഐക്കെതിരേ മന്ത്രി പരസ്യമായി പുലയാട്ട് നടത്തുകയാണെന്നും കണ്ണുരുട്ടിക്കാട്ടിയാൽ പേടിക്കാൻ കൂലിക്ക് ആളെ നിർത്തണമെന്നും ശിവരാമൻ തുറന്നടിച്ചു. സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് സിപിഎമ്മിനെതിരേ രൂക്ഷ വിമർശനമുയർന്നത്.
64ൽ സിപിഎം ഉൗരിപ്പിടിച്ച വടിവാളുകൾക്കും ഉയർത്തിയകത്തികൾക്കും ഇടയിലൂടെ നടന്ന പ്രസ്ഥാനമാണ്. ഇടതുപക്ഷത്തിന്റെ ശത്രു സിപിഐ അല്ല. മന്ത്രി മണി തുടർച്ചയായി മുന്നണി മര്യാദകൾ ലംഘിക്കുകയാണ്. പരസ്യമായി മന്ത്രി പുലയാട്ട് പറയുന്നു. പുറകേ നടന്ന് പുലയാട്ട് പറഞ്ഞാൽ തിരിഞ്ഞുനിന്നു തിരിച്ചുപറയും- കെ.കെ.ശിവരാമൻ തുറന്നടിച്ചു. കേരളത്തില്‍ തമ്പുരാന് വാഴ്ചയില്ലെന്നും കണ്ണുരുട്ടി കാട്ടിയാൽ പേടിക്കാൻ കൂലിക്ക് ആളെ നിർത്തണമെന്നും ശിവരാമൻ പരിഹസിച്ചു.
ഇടുക്കി ജില്ലയിലെ ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയും സിപിഐയും സ്വീകരിച്ചിരുന്ന നിലപാടുകളെ ചൊല്ലിയാണ് മന്ത്രി മണി സിപിഐ വിരുദ്ധ നിലപാട് സ്വീകരിച്ചത്. വിഷയത്തിൽ സിപിഐയുടെ പ്രതിരോധം മറികടന്നും മന്ത്രി സിപിഐക്കെതിരേ വിമർശനങ്ങൾ തുടർന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലാ സമ്മേളനത്തിൽ മന്ത്രിക്കെതിരേ വിമർശനമുയരുന്നത്.