പിറവം: കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത് മാറ്റിസ്ഥാപിക്കുന്നതിനെച്ചൊല്ലി സിപിഐ കൗൺസിലറും സിപിഎം നേതാവും തമ്മിൽ കൈയാങ്കളി. പരിക്കേറ്റ മുൻ പിറവം പഞ്ചായത്ത് പ്രസിഡന്റായ സിഐടിയു കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി കെ.പി. സലിമും സിപിഐ കൗൺസിലർ ബെന്നി വി. വർഗീസും ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ ഉച്ചകഴിഞ്ഞ് നടക്കാവ് ഹൈവേയിൽ പാഴൂർ ക്ഷേത്രത്തിന് സമീപമുള്ള വളവിലാണ് സംഭവമുണ്ടായത്. ഇവിടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത് മാറ്റിസ്ഥാപിക്കുന്ന ജോലികൾ നടന്നുവരികയാണ്. ഇവിടെവച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ എത്തുകയായിരുന്നു.
ബെന്നി വി. വർഗീസ് തന്നെ മർദിച്ചെന്നും കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നും കെ.പി. സലിം ആരോപിച്ചു. അതേസമയം സലിം ഒരുകാരണവുമില്ലാതെ തന്നെയാണു മർദിച്ചതെന്നു കൗൺസിലർ ബെന്നി വി. വർഗീസ് പറയുന്നു. സലിം പിറവം താലൂക്ക് ആശുപത്രിയിലും ബെന്നി കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്. കെ.പി. സലിമിനെ മർദിച്ച സംഭവത്തിൽ സിപിഎം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ് പ്രതിഷേധിച്ചു.