മാനന്തവാടി: സിപിഎമ്മും സിപിഐയും തമ്മിൽ മാനന്തവാടി നഗരസഭയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ഇതോടെ വൈസ് ചെയർപേഴ്സണ് സ്ഥാനം സിപിഐക്ക് ലഭിക്കും. നിലവിലെ വൈസ് ചെയർപേഴ്സണ് സിപിഎമ്മിലെ പ്രദീപ ശശി അടുത്ത ദിവസം രാജി നൽകും. പുതിയ വൈസ് ചെയർപേഴ്സണായി സിപിഐയിലെ ശോഭരാജൻ നിയമിതയാവും. ഇതോടെ മാനന്തവാടിയിൽ നിന്നും പോർമുഖത്തായിരുന്ന സിപിഎം-സിപിഐ പാർട്ടികൾ സമന്വയത്തിന്റെ പാതയിലുമാവും.
മാനന്തവാടിയിൽ വർഷങ്ങളായി ഇരു പാർട്ടികളും പോർമുഖങ്ങളിലായിരുന്നു. എൽഡിഎഫ് സംവിധാനത്തിൽ സംസ്ഥാനതല പരിപാടികൾ നടത്തുന്പോൾ ഇരു പാർട്ടികളും ഒന്നിച്ച് നടത്താതെ ഒറ്റക്ക് ഒറ്റക്ക് നടത്തുന്ന പതിവാണ് മാനന്തവാടിയിൽ സ്വീകരിച്ചിരുന്നത്. ആദ്യകാലങ്ങളിൽ മാനന്തവാടിയിൽ പൊതുവെ ശക്തിയില്ലാതിരുന്ന സിപിഐ ഈയടുത്ത കാലത്താണ് ശക്തിയാർജ്ജിച്ചത്. സിപിഎം നേതാവായിരുന്ന ഇ.ജെ. ബാബുവും കൂട്ടരും രാജിവച്ച് സിപിഐയിൽ ചേർന്നതോടെയാണ് സിപിഐ മാനന്തവാടിയിൽ കരുത്താർജിച്ചത്.
ആദ്യ നഗരസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നഗരസഭ ഭരണം ലഭിക്കുകയായിരുന്നു. സിപിഎമ്മിന് 18 അംഗങ്ങളും സിപിഐക്ക് രണ്ട് അംഗങ്ങളുമാണ് ഉള്ളത്. ഇതിൽ അന്ന് ചെയർമാൻ, ചെയർപേഴ്സണ് സ്ഥാനങ്ങൾ രണ്ടര വർഷം സിപിഎമ്മിനും അതിനു ശേഷം വൈസ് ചെയർപേഴ്സണ് സ്ഥാനം സിപിഐക്കുമെന്നായിരുന്നു ധാരണ.
എന്നാൽ കലങ്ങി മറിഞ്ഞ അന്തരീക്ഷവും പോർ കളത്തിലെ പോരാട്ടങ്ങളുമൊക്കെത്തയപ്പോൾ വൈസ് ചെയർപേഴ്സൻ സ്ഥാനങ്ങൾ വിട്ടുനൽകേണ്ടതില്ലന്ന് സിപിഎം തീരുമാനിക്കുകയുമുണ്ടായി. ഒടുവിൽ ഇരു പാർട്ടികളുടെയും ജില്ലാ നേതൃത്വം ഇടപ്പെട്ട് നീണ്ട കാത്തിരിപ്പിനു ശേഷം സമവായമുണ്ടാക്കുകയായിരുന്നു.
ഇതോടെയാണ് മാനന്തവാടിയിലെ സിപിഎം നേതൃത്വം വൈസ് ചെയർപേഴ്സൻ സ്ഥാനം വിട്ടു നൽകാൻ തീരുമാനിച്ചത്. ദീർഘനാളായി അവധിയിലായിരുന്ന ചെയർമാൻ വി.ആർ. പ്രവീജ് അടുത്ത ദിവസം ചാർജ് ഏറ്റെടുക്കുകയും ചെയ്യും.