മണ്ണാർക്കാട്: കുമരംപുത്തൂരിൽ ഇടതുമുന്നണി കണ്വൻഷൻ സിപിഐ ബഹിഷ്കരിച്ചു. കുമരംപുത്തൂരിൽ സിപിഎം-സിപി ഐ പോര് വീണ്ടും മുറുകുന്നു. ഇടതുമുന്നണി കണ്വൻഷൻ സിപിഐ ബഹിഷ്കരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പു വിജയത്തിനായി ജില്ലയൊട്ടാകെ കച്ചമുറുക്കി ഇറങ്ങിയ സമയത്താണ് സിപിഐയുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നീക്കമുണ്ടായത്.
വൈകുന്നേരം അഞ്ചിന് കുമരംപുത്തൂർ എയുപി സ്കൂളിൽ ഇടതുമുന്നണി കണ്വൻഷൻ നടന്നത്. എന്നാൽ സിപിഐ അംഗങ്ങളാരും തന്നെ വേദിയിൽ പ്രാതിനിത്യം അറിയിച്ചില്ല. തുടർന്ന് സിപിഎം അംഗങ്ങൾ തന്നെ സ്വാഗതം അധ്യക്ഷ സ്ഥാനങ്ങളും ഉദ്ഘാടനവും നിർവഹിച്ചു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥി കെ.പി.സുരേഷ് രാജിനെതോല്പിക്കാൻ സിപിഎമ്മിലെ ഒരു വിഭാഗം നടത്തിയ ശ്രമം കുമരംപുത്തൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലും ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിലും സിപിഐക്കെതിരെ നടത്തിയ പ്രവർത്തനങ്ങൾ സഫീർ വധത്തിൽ സിപിഐക്കെതിരെ എടുത്ത നിലപാടുകൾ തുടങ്ങി സിപിഐയെ മുറിവേല്പിച്ച ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ സിപിഎമ്മുമായി സഹകരിക്കാനാവില്ലെന്നാന്ന് പ്രാദേശിക നേതാക്കളുടെ നിലപാട്.
കഴിഞ്ഞദിവസം മണ്ണാർക്കാട് സിപിഐ ഓഫിസിൽ നടന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് പ്രശ്നങ്ങൾ മറന്ന് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കായി പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തെങ്കിലും അതിനെതിരെ എതിരഭിപ്രായം ഉയർന്നതായാണ് വിവരം.