ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ പ്രമുഖമായ 15 രാഷ്ട്രീയ പാർട്ടികളെക്കാൾ കൂടുതൽ വോട്ടുകൾ സ്വന്തമാക്കിയത് നോട്ട. ആകെ പോൾ ചെയ്ത വോട്ടുകളിൽ 1.06 ശതമാനം വോട്ടുകളാണ് നിഷേധ വോട്ട് നേടിയത്. മത്സരരംഗത്തുള്ള സ്ഥാനാർഥികളെ നിഷേധിക്കാനുള്ള വോട്ടർമാരുടെ അവകാശം എന്ന നിലയിൽ ആരംഭിച്ച നോട്ട സിപിഐ, സിപിഎം തുടങ്ങി പ്രമുഖ പാർട്ടികളെയെല്ലാം പിന്നാലാക്കി.
ആദ്യമായി 2014 ലോക്സഭാ തെരഞ്ഞെടുപ്പിലാണ് നോട്ട വോട്ടിംഗ് യന്ത്രത്തിൽ ഉൾപ്പെടുത്തിയത്. അന്ന് 1.08 ശതമാനം വോട്ടുകളാണ് നോട്ടയ്ക്കു ലഭിച്ചത്. ഇത്തവണ നേരിയ കുറവുണ്ടായെങ്കിലും പ്രമുഖ പാർട്ടികളെ പിന്നിലാക്കാൻ സാധിച്ചു.
ബിഹാറിൽ ആറ് ഇടത്ത് വിജയിച്ച രാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് (എൽജെപി) നോട്ടയേക്കാൾ കുറവ് വോട്ടാണ് ലഭിച്ചത്. എൽജെപി ആകെ പോൾ ചെയ്ത വോട്ടിൽ 0.52 ശതമാനം മാത്രമാണ് സ്വന്തമാക്കിയത്. സിപിഎം (0.01), ജമ്മുകാഷ്മീർ നാഷണൽ കോൺഫെറൻസ് (0.05), മുസ്ലീം ലീഗ് (0.26) എന്നീ പാർട്ടികൾക്ക് നോട്ടയുടെ അടുത്തെത്താൻ പോലും സാധിച്ചില്ല.
ശിരോമണി അകാലിദൾ, സിപിഐ, അപ്നാദൾ എന്നീ പാർട്ടികൾ രണ്ട് സീറ്റിൽ വീതം വിജയിച്ചിരുന്നു. എന്നാൽ ഈ പാർട്ടികൾക്കും നോട്ടയെ പിന്നിലാക്കാൻ സാധിച്ചില്ല. അഞ്ച് പാർട്ടികൾക്ക് 0.10 ശതമാനം വോട്ടിലും താഴെയാണ് ലഭിച്ചത്. കേരളത്തിലെ പ്രാദേശിക പാർട്ടിയായ കേരള കോൺഗ്രസ്-എം ന് രാജ്യത്താകെ പോൾ ചെയ്ത വോട്ടിൽ 0.07 ശതമാനം വോട്ടാണ് ലഭിച്ചത്.
നോട്ടയേക്കാൾ വോട്ടുനിലയിൽ താഴെപോയ രാഷ്ട്രീയ പാർട്ടികൾ കൈവിരൽ എണ്ണം സീറ്റുകളിൽ മാത്രമാണ് മത്സരിച്ചത്. ഇതാണ് ഇവരുടെ വോട്ട് വിഹിതത്തിൽ കുറവ് ഉണ്ടായത്.