റെനീഷ് മാത്യു
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കൾക്കെതിരേ കൊലക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചതോടെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാൻ ബിജെപിയും യുഡിഎഫും.
കണ്ണൂർ ജില്ലയിലെ നാല് രാഷ്ട്രീയ കൊലപാതകങ്ങളാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കുന്നത്. കതിരൂർ മനോജ് വധക്കേസിൽ ബിജെപിയും ഷുക്കൂർ വധക്കേസിൽ ലീഗും ഷുഹൈബ് വധക്കേസിൽ കോൺഗ്രസും സിപിഎമ്മിനെതിരേ പ്രചാരണത്തിനിറങ്ങുകയാണ്. ഫസൽ വധക്കേസ് ബിജെപിയും യുഡിഎഫും പ്രചാരണത്തിനായി ഒരു പോലെ ഏറ്റെടുക്കുന്നു.
കേന്ദ്രസർക്കാരിന്റെ വർഗീയത, കേരളത്തോടുള്ള ചിറ്റമ്മ നയം തുടങ്ങിയ കാര്യങ്ങൾ നിരത്തി എൽഡിഎഫ് മേഖലാ ജാഥ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് സിപിഎമ്മിനെ വെട്ടിലാക്കി സിബിഐയുടെ കുറ്റപത്രം. ഇതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളുമായി വേണം എൽഡിഎഫ് ജാഥ തുടങ്ങുവാൻ.
സിബിഐയെ രാഷ്ട്രീയ ഉപകരണമാക്കി ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട് എന്ന പ്രതിരോധം ഉയർത്താനാണ് സിപിഎം നീക്കം. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം കെപിസിസി അധ്യക്ഷൻ ഉന്നയിച്ചതിനു പിന്നാലെയാണ് സിപിഎമ്മിലെ രണ്ട് ഉയർന്ന നേതാക്കൾക്കെതിരേ കൊലക്കുറ്റം ചുമത്തിയുള്ള സിബിഐയുടെ കുറ്റപത്രം.
കതിരൂർ മനോജ് വധം പ്രചാരണമാക്കാൻ ബിജെപി
ആർഎസ്എസ് നേതാവായ കതിരൂർ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 25ാം പ്രതിയാണ് പി. ജയരാജൻ. 2014 സെപ്റ്റംബർ ഒന്നിനായിരുന്നു സംഭവം. പി. ജയരാജനെ 15 വർഷം മുന്പ് കൊലപ്പെടുത്താൻ ശ്രമിച്ചതിന് പ്രതികാരമായാണ് മനോജിനെ വധിച്ചതെന്നാണ് സിബിഐ നൽകിയ കുറ്റപത്രത്തിലെ പ്രധാന ആരോപണം.
2016 ഫെബ്രുവരിയിൽ ജയരാജൻ കീഴടങ്ങി. മാർച്ച് 23ന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽ മോചിതനായി. ശബരിമല വിഷയത്തിനു പിന്നാലെ കതിരൂർ മനോജ് വധക്കേസും സിപിഎമ്മിനെതിരേ പ്രചാരണായുധമാക്കാനാണ് ബിജെപി നീക്കം.
ശുഹൈബ്, ഷുക്കൂർ വധക്കേസുമായി യുഡിഎഫ്
അരിയിൽ ഷുക്കൂർ, ശുഹൈബ് വധക്കേസുകളിൽ സിപിഎം തന്നെയാണ് പ്രതിക്കൂട്ടിൽ. ഇതു രാഷ്ട്രീയ പ്രചാരണായുധമാക്കാനാണ് യുഡിഎഫ് തീരുമാനം. 2018 ഫെബ്രുവരി 12നാണ് കണ്ണൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബ് വെട്ടേറ്റ് മരിച്ചത്. കേസിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറിയടക്കം 17 പ്രതികളെ ഇതിനോടകം പിടികൂടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഫസൽവധക്കേസിൽ ആശങ്കയിൽ സിപിഎം
സിപിഎം നേതാക്കൾ പ്രതിക്കൂട്ടിലായ ഫസൽക്കേസിലെ തുടർനടപടികൾ തെരഞ്ഞെടുപ്പിന് മുന്പ് ഉണ്ടാകുമോയെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം. 2006 ഒക്ടോബർ 22നാണ് തലശേരിയിൽ വച്ച് പത്രവിതരണക്കാരനായ ഫസൽ കൊല്ലപ്പെടുന്നത്. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളിൽ സിബിഐ ആദ്യം അന്വേഷിച്ച കേസാണ് ഫസൽ വധം.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജൻ, തലശേരി ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെ എട്ടുപേരെ പ്രതിയാക്കി സിബിഐ നൽകിയ കുറ്റപത്രം കോടതിയുടെ പരിഗണനയിലാണ്. ഫസൽവധക്കേസ് യുഡിഎഫും ബിജെപിയും ഒരുമിച്ച് ഏറ്റെടുത്തിരിക്കുകയാണ്.