ഇടുക്കി: ജില്ലാ ആസ്ഥാനത്തെ ഹോട്ടലുടമയോട് സിപിഎം ജില്ലാ സെക്ര േട്ടറിയറ്റംഗം നടത്തിയ തെറിയഭിഷേകം സോഷ്യൽമീഡിയയിൽ വൈറലായി. ദുരിതാശ്വാസ പ്രവർത്തനത്തിനെത്തുന്നവർക്ക് പ്രഭാത ഭക്ഷണം നൽകിയില്ലെന്നാരോപിച്ചാണ് പാർട്ടിയുടെ ജില്ലയിലെ പ്രമുഖ നേതാവ് ഹോട്ടലുടമയെ കേട്ടാൽ കാത് പൊത്തുന്ന അസഭ്യം കൊണ്ട് പൊതിഞ്ഞത്.
നേതാവാണെങ്കിലും ഇങ്ങനെയൊക്കെ പറയാമോ എന്നാണ് നേതാവിന്റെ വിവാദവാക്കുകൾ സോഷ്യൽമീഡിയയിലൂടെ ശ്രവിച്ച ഇതേ പാർട്ടിക്കാർ ഉൾപ്പെടെയുള്ള ജനങ്ങളുടെ ചോദ്യം.
കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ട് തുറന്നപ്പോഴായിരുന്നു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിയവർക്ക് ഭക്ഷണം നൽകണമെന്ന ആവശ്യവുമായി നേതാവ് പ്രമുഖ ഹോട്ടലുടമയെ ഫോണിൽ വിളിച്ചത്. എന്നാൽ സംസാരിക്കുന്നതിനിടയിൽ ഫോണ് കട്ടായി. എന്നാൽ താൻ സംസാരിക്കുന്നതിനിടയിൽ ഹോട്ടലുടമ ഫോണ് കട്ടു ചെയ്യുകയായിരുന്നുവെന്നാണ് അസഭ്യം പറയുന്നതിനു കാരണമായി നേതാവ് പറഞ്ഞത്.
ഉടമയെ ഫോണിൽ വിളിച്ച നേതാവ് പിന്നീട് നല്ല ഭാഷയിൽ തന്നെ ഇയാളോടുള്ള അരിശം തീർത്തു. താൻ നല്ലവനുക്ക് നല്ലവൻ, എന്നാൽ മോശക്കാരനായാൽ മഹാ മോശക്കാരൻ എന്ന പഴയ തമിഴ്സിനിമയിലെ ഡയലോഗിനെ അനുസ്മരിക്കും വിധത്തിലായിരുന്നു പ്രയോഗം.
പറയുന്നതിനോടൊപ്പം പുട്ടിന് തേങ്ങാപ്പീര പോലെ നല്ല പദപ്രയോഗങ്ങൾ ചേർക്കുന്നുമുണ്ടായിരുന്നു. നേതാവിന്റെ അസഭ്യം മുഴുവൻ പഞ്ച പുച്ഛമടക്കി നിന്ന് ഹോട്ടലുടമ കേട്ടു. എന്നാൽ പിന്നീട് നേതാവിന് എട്ടിന്റെ പണി കിട്ടി. ഫോണിലൂടെ തെറിയഭിഷേകം നടത്തുന്നതിന്റെ വോയിസ് ക്ലിപ്പ് സഹിതം പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് ഹോട്ടലുടമ പരാതി അയച്ചു.
ഇതോടെ നേതാവ് ഹോട്ടലുമയോട് മാപ്പു പറഞ്ഞ് നടപടിയിൽ നിന്നും രക്ഷപെടുകയായിരുന്നു. ഇപ്പോൾ നേതാവിന്റെ ഫോണ് സംഭാഷണം വീഡിയോക്ലിപ്പിംഗിൽ സോഷ്യൽ മീഡിയയിലൂടെ നാട്ടിൽ പാട്ടായി.