രാജകുമാരി: ബാങ്ക് ജീവനക്കാരിയെ ഫോണിൽ ശല്യം ചെയ്തെന്ന പരാതിയെ തുടർന്ന് സിപിഎം ഏരിയാകമ്മറ്റിയംഗമായ സഹകരണബാങ്ക് പ്രസിഡന്റിനെതിരെ പാർട്ടി നടപടി. ശാന്തന്‍പാറ സഹകരണബാങ്ക് പ്രസിഡന്റും സിപിഎം പൂപ്പാറ ലോക്കൽ സെക്രട്ടറിയുമായ എൻ.ആർ. ജയനെയാണ് പാർട്ടി ഭാരവാഹിത്വത്തിൽ നിന്നു നീക്കം ചെയ്തത്. ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കുമെന്നാണ് സൂചന.
സിപിഎം ശാന്തന്‍പാറ ഏരിയാകമ്മറ്റിയംഗം കൂടിയായ ജയൻ ഡിവൈഎഫ്ഐ മുൻ ജില്ലാസെക്രട്ടറിയാണ്. ആരോപണത്തെ തുടർന്ന് 10 വർഷം മുന്‍പ് ഇയാളെ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു.
പിന്നീട് പൂപ്പാറ ലോക്കൽ കമ്മറ്റിയിൽ തിരിച്ചെത്തിയ ജയൻ ഏതാനും വർഷം മുന്‍പാണ് ലോക്കൽ സെക്രട്ടറിയും ഏരിയാകമ്മറ്റിയംഗവുമായത്. ബാങ്കിലെ ജീവനക്കാരി പാർട്ടി നേതൃത്വത്തിന് നൽകിയ പരാതിയെ തുടർന്നാണ് ഏരിയാകമ്മറ്റി ചേർന്ന് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. ഇന്നലെ ചേർന്ന ലോക്കൽ കമ്മറ്റി യോഗത്തിലും എൻ.ആർ. ജയനെതിരെയുള്ള നടപടി റിപ്പോർട്ടു ചെയ്തു.