ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്സിലറുടെ വാഹനത്തില് ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കള് കടത്തിയ കേസിലെ മുഖ്യപ്രതികളെല്ലാം സിപിഎം, ഡിവൈഎഫ്ഐ അംഗങ്ങള്.
കേസിലെ മുഖ്യപ്രതി ഇജാസ് സിപിഎം ആലപ്പുഴ സീവ്യൂ വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. മറ്റൊരു പ്രതി സജാദ്, ഡിവൈഎഫ്ഐ ആലപ്പുഴ വലിയമരം യൂണിറ്റ് സെക്രട്ടറിയാണ്.
ലഹരി വസ്തുക്കള് കൊണ്ടുവന്ന ലോറിയുടെ ഉടമ സിപിഎം നേതാവ് ഷാനവാസും പ്രതി ഇജാസും തമ്മിലുളള ദൃശ്യങ്ങളും പുറത്തുവന്നു.
എ. ഷാനവാസിന്റെ ലഹരി ബന്ധം അന്വേഷിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ആരോപണത്തില് കഴമ്പുണ്ടെങ്കില് നടപടിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്. നാസര് പറഞ്ഞു.
ഒരുകോടി രൂപയുടെ ഒന്നേകാല് ലക്ഷം നിരോധിത പുകയില ഉല്പ്പന്നത്തിന്റെ(ഹാന്സ്) പായ്ക്കറ്റുകളാണ് ഞായര് പുലര്ച്ചെ കരുനാഗപ്പള്ളിയില് പോലീസ് പിടികൂടിയത്.
കേസിലെ മുഖ്യപ്രതികളായ ഇജാസും സജാദും പിടിയിലായതോടെ ആലപ്പുഴയിലെ സിപിഎം നേതൃത്വം വെട്ടലായി. ലോറി വാടയ്ക്ക് നല്കിയതാണെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം.
എന്നാല് ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം തെളിയിക്കുന്ന കൂടുതല് വിവരങ്ങള് പുറത്തുവന്നിട്ടുണ്ട്.
ഇജാസ് പിടിയിലാകുന്നതിന് നാല് ദിവസം മുമ്പ് ഷാനവാസിന്റെ ജന്മദിനാഘോഷ പരിപാടിയില് പങ്കെടുത്തിരുന്നു. ഇവര് ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.