കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിൽ എൽഡിഎഫ് സ്ഥാനാർഥികൾ തോറ്റതിൽ തൃപ്പൂണിത്തുറയ്ക്കൊപ്പം മൂന്നു മണ്ഡലങ്ങളിലും വെട്ടിനിരത്തലിനു സാധ്യത. മുന്നണി പരാജയപ്പെട്ട ജില്ലയിലെ മണ്ഡലങ്ങളിലാണു സിപിഎം അച്ചടക്ക നടപടിക്കൊരുങ്ങുന്നത്.
ജില്ലയില്‍ പാര്‍ട്ടി കമ്മീഷനുകള്‍ അന്വേഷണം നടത്തുന്ന തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിനു പുറമെ തൃക്കാക്കര, പെരുമ്പാവൂര്‍, പിറവം നിയമസഭാ മണ്ഡലങ്ങളില്‍പ്പെട്ട ഏരിയാ കമ്മിറ്റികളും കീഴ്ഘടകങ്ങളുമാണു പാര്‍ട്ടി കമ്മീഷന്റെ സംശയ നിഴലിലായിരിക്കുന്നത്.
ഈ നിയമസഭാ മണ്ഡലങ്ങളുടെ പരിധിയില്‍പ്പെട്ട പത്ത് ഏരിയാ കമ്മിറ്റികളില്പ്പെടുന്ന ലോക്കല്‍, ബ്രാഞ്ച്, ജില്ലാ നേതാക്കള്‍ക്കെതിരെയാണു നടപടിക്കു സാധ്യത ഉയരുന്നത്. ജില്ലയിലാകെ സിപിഎമ്മിനുള്ള 20 ഏരിയാ കമ്മിറ്റികളില്‍ പകുതിയെണ്ണമാണു പാര്‍ട്ടി കമ്മീഷനുകളുടെ അന്വേഷണത്തിന് വിധേയമാകുന്നത്.
ഇതില്‍ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന തൃപ്പൂണിത്തുറ, മുളന്തുരുത്തി, പള്ളുരുത്തി ഏരിയാ കമ്മിറ്റികളും തൃക്കാക്കര നിയമസഭാ മണ്ഡല പരിധിയില്‍ വരുന്ന വൈറ്റില, കളമശരി ഏരിയാ കമ്മിറ്റികളും പിറവം നിയമസഭാ മണ്ഡല പരിധിയിലുള്ള തൃപ്പൂണിത്തുറ, മുളന്തുരുത്തി, കൂത്താട്ടുകുളം ഏരിയാ കമ്മിറ്റികളും പെരുമ്പാവൂര്‍ നിയമസഭാ മണ്ഡല പരിധിയില്‍ വരുന്ന പെരുമ്പാവൂര്‍, കാലടി ഏരിയാ കമ്മിറ്റികളുമാണ് രണ്ടംഗ അന്വേഷണ കമ്മീഷന്റെ പരിധിയില്‍ വരുന്നത്.
അന്വേഷണം നടക്കുന്ന നാലു മണ്ഡലങ്ങളിലും പ്രാദേശികമായി നാലുപേര്‍ ലിസ്റ്റില്‍ വന്നിട്ടും അതിനെ മറികടന്നാണു സംസ്ഥാന കമ്മിറ്റിയില്‍നിന്നു സ്ഥാനാര്‍ഥികളുടെ പേര് വന്നത്. ഇതും പ്രാദേശിക കമ്മിറ്റികളില്‍ നീരസത്തിനു കാരണമായിട്ടണ്ടെന്നാണു വിലയിരുത്തല്‍.
ഉറച്ച വിജയ പ്രതീക്ഷയുണ്ടായിരുന്ന തൃപ്പൂണിത്തുറയില്‍ ആയിരത്തില്‍ താഴെ വോട്ടിന് തോറ്റപ്പോള്‍ പിറവത്ത് മികച്ച സ്ഥാനാര്‍ഥിയെന്നു പാര്‍ട്ടി കണ്ടെത്തിയ സിന്ധുമോള്‍ ജേക്കബ് വളരെ പിന്നോക്കമാണു പോയത്. ഇവിടെ അനൂപ് ജേക്കബിന്റെ വോട്ടുകള്‍ കൂടുകയായിരുന്നു.
പെരുമ്പാവൂരിലാകട്ടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം ജില്ലാ പ്രസിഡന്റ് ബാബു ജോസഫാണു സ്ഥാനാര്‍ഥിയായത്. ജില്ലയിലെ മറ്റേതു മണ്ഡലങ്ങളിലേക്കാളും കൂടുതലായി തെരഞ്ഞെടുപ്പില്‍ പണമിറങ്ങിയ ഇവിടെ വലിയ വിജയപ്രതീക്ഷയിലായിരുന്നു ബാബു ജോസഫ്.
എന്നാല്‍ ജില്ലയില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് നല്‍കിയതില്‍ കടുത്ത അമര്‍ഷമുള്ള നേതാക്കളും പ്രവര്‍ത്തകരുമടക്കം ഒട്ടേറെപ്പേരുണ്ടായിരുന്നു സിപിഎമ്മില്‍. അതും ഇലക്ഷനില്‍ പ്രതിഫലിച്ചുവെന്നു പറയപ്പെടുന്നുണ്ട്.
എന്തായാലും പാര്‍ട്ടി കമ്മീഷനുകളുടെ ശിപാര്‍ശ പ്രകാരം തയാറാക്കിയ ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാന സെക്രട്ടേറിയറ്റ് കര്‍ശന നടപടികള്‍ക്കു തുനിഞ്ഞാല്‍ പാര്‍ട്ടിയിലെ ഒട്ടേറെപ്പേര്‍ക്ക് തരംതാഴ്ത്തലും മറ്റു നടപടികളും വന്നേക്കാം.
ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച്, ലോക്കല്‍, ഏരിയാ സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പേ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരമുള്ള നടപടിക്രമങ്ങള്‍ തുടങ്ങാനാണു സാധ്യത. കോവിഡ് കണക്കിലെടുത്താണു പാര്‍ട്ടി സമ്മേളനങ്ങള്‍ വൈകിയത്.
ജില്ലയ്ക്കു മന്ത്രിയെ നല്കിയ കളമശേരി നിയമസഭാ മണ്ഡല പരിധിയിലുള്ള ആലങ്ങാട് ഏരിയാ നേതൃത്വത്തിനെതിരേയും അന്വേഷണ കമ്മീഷന് പുറമേയുള്ള നടപടിക്കു സാധ്യതയേറിയിട്ടുണ്ട്. ഇവിടെ ആലങ്ങാട് ഏരിയാ കമ്മിറ്റി ഉണര്‍ന്ന് പ്രവര്ത്തിച്ചില്ലായെന്ന പരാതി ഔദ്യോഗികമായിത്തന്നെ സെക്രട്ടേറിയറ്റില്‍ എത്തിയിട്ടുണ്ട്.