തമിഴ്നാട്ടില് സിപിഎം പുറത്തിറക്കിയ പ്രകടന പത്രികയാണ് ഇപ്പോള് ചര്ച്ചാവിഷയം. ഈ പ്രകടന പത്രികയില് പറഞ്ഞിരിക്കുന്ന കാര്യങ്ങള് നോക്കി സിപിഎമ്മിനു കേരളത്തിലെ ജനങ്ങള് വോട്ടു ചെയ്താല് അത് ആത്മഹത്യാപരമായിരിക്കും എന്നാണ് വ്യക്തമാകുന്നത്. തമിഴ്നാട്ടിലെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമായി മുല്ലപ്പെരിയാല് മാറുമ്പോഴാണ് അവിടെ സിപിഎമ്മും വൈകാരിക വിഷയം വോട്ടുപിടിക്കാന് ഉപയോഗിക്കുന്നത്.
സുപ്രീംകോടതിയില് കോടതികളില് വര്ഷങ്ങളായി കേരളവും തമിഴ്നാടും നിയമപോരാട്ടം നടത്തുന്ന മുല്ലപ്പെരിയാര് ഡാം വിഷയമുയര്ത്തിയത് തമിഴ്നാട് സിപിഎമ്മിന്റെ പ്രകടനപത്രികയിലാണ്. ഇത് ഫലത്തില് കേരളത്തിലെ സിപിഎമ്മിനും പാര്ട്ടിക്കും തിരിച്ചടിയായി. ഇവിടെ സുരക്ഷയെ കരുതി പുതിയ ഡാം നിര്മ്മിക്കാനുള്ള ചര്ച്ചകളാണ് നടക്കുന്നത്. അതിനിടയിലാണ് തമിഴ്നാട് സിപിഎമ്മിന്റെ പ്രകടപത്രികയില് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 152 അടിയാക്കുമെന്ന് വോട്ടര്മാര്ക്ക് ഉറപ്പു നല്കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പില് തങ്ങളുടെ സ്ഥാനാര്ത്ഥികളെ വോട്ട് നല്കി പാര്ലമെന്റിലേക്കയച്ചാല് ജലനിരപ്പ് 152 അടിയാക്കി ഉയര്ത്താമെന്നാണ് പാര്ട്ടി വാഗ്ദാനം. തമിഴ്നാട്ടില് പുറത്തിറക്കിയ പ്രകടനപത്രികയില് പാര്ട്ടി സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണനാണ് പാര്ട്ടിക്കുവേണ്ടി വാഗ്ദാനം നല്കിയിരിക്കുന്നത്. പ്രകടപത്രികയിലെ മറ്റ് വാഗ്ദാനങ്ങള് നീറ്റ് പരീക്ഷയില് നിന്നും തമിഴ്നാടിനെ ഒഴിവാക്കും, കാര്ഷിക കടങ്ങള് എഴുതിത്തള്ളും, കേന്ദ്രത്തില് മതേതര സര്ക്കാരിനെ അധികാരത്തിലേറ്റും,സ്കൂളുകളില് തമിഴ് വിദ്യഭ്യാസം നിര്ബന്ധമാക്കും തുടങ്ങിയവയാണ്.
സിപിഎമ്മിനെ കൂടാതെ തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്ട്ടികളും മുല്ലപ്പെരിയാര് വിഷയം അവരുടെ പ്രകടനപത്രികയില് ഉള്പ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടില് ഡിഎംകെ അധികാരത്തില് എത്തിയാല് മുല്ലപ്പെരിയാര് അണക്കെട്ടിലെ ജലനിരപ്പ് സുപ്രിം കോടതി നിര്ദേശപ്രകാരം 152 അടിയായി ഉയര്ത്താനുള്ള നീക്കം ശക്തമാക്കുമെന്ന് എംകെ സ്റ്റാലിന് നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ അണക്കെട്ട് നിര്മ്മിക്കാനുള്ള നീക്കത്തെ ശക്തമായി തടയുമെന്ന് പറഞ്ഞ സ്റ്റാലിന്റെ അതേ നിലപാടാണ് ഇപ്പോള് തമിഴ്നാട് സിപിഎമ്മും സ്വീകരിച്ചത്.
തേനിയടക്കമുള്ള അഞ്ചു ജില്ലകളിലെ വൈകാരിക വിഷയമാണ് മുല്ലപ്പെരിയാര്.ഇത് മുന്നില് കണ്ടാണ് ഡിഎംകെ സഖ്യം ജലനിരപ്പ് കൂട്ടുമെന്ന നിലപാടടെുക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ജലനിരപ്പ് 142 അടി ഉയര്ന്നപ്പോള് സുപ്രിം കോടതി ഇടപെടലിലൂടെയാണ് ജലനിരപ്പ് 139 അടിയിലേക്ക് താഴ്ത്തിയത്. ഡിഎംകെ ഉള്പ്പെടുന്ന മുന്നണിയുടെ ഭാഗമായി മല്സരിക്കുന്ന സിപിഎം തമിഴ്നാട്ടില് രണ്ടിടങ്ങളിലാണ് മല്സരിക്കുന്നത്. മധുര ലോക്സഭ മണ്ഡലത്തിലും സിപിഎം സ്ഥാനാര്ത്ഥിയാണ് ഡിഎംകെ മുന്നണി ബാനറില് മത്സരിക്കുന്നത്.
മധുര ഉള്പ്പെടെ തെക്കന് ജില്ലകളില് മുല്ലപ്പെരിയാര് ജീവനാഡിയാണ്. ഡിഎംകെ, അണ്ണാഡിഎംകെ കക്ഷികളും ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കി ഉയര്ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ വാഗ്ദാനം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗങ്ങളിലും ആവര്ത്തിക്കുന്നുണ്ട്. നിലവിലുള്ള ഡാം പൊളിച്ചുമാറ്റി പുതിയ ഡാം നിര്മ്മിക്കാനുള്ള കേരളത്തിന്റെ നീക്കത്തെയും തമിഴക രാഷ്ട്രീയകക്ഷികള് പാര്ട്ടി ഭേദമന്യേ എതിര്ത്തിരുന്നു. ഇപ്പോള് സിപിഎമ്മും മറ്റുപാര്ട്ടികളുടെ നിലപാടു പിന്തുടര്ന്നതോടെ കേരളത്തിലെ സിപിഎമ്മിനും അത് തിരിച്ചടിയാവുമെന്ന ആശങ്കയുണ്ട്.