സ്വന്തം ലേഖകന്‍
കൊച്ചി: തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട എറണാകുളം ജില്ലാ സിപിഎമ്മില്‍ കൂടുതല്‍ നടപടിക്കു സാധ്യത. ഈ മണ്ഡലങ്ങളിലെ തോല്‍വിയില്‍ പാര്‍ട്ടി കമ്മീഷന് നടത്തിയ അന്വേഷണ റിപ്പോര്ട്ടുകളിന്മേല് ജില്ലാ കമ്മിറ്റി കൈക്കൊണ്ട അച്ചടക്ക നടപടി കുറഞ്ഞുപോയെന്ന വിമര്‍ശനം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്.
ഇന്നത്തെ ജില്ലാ സെക്രട്ടേറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും കോടിയേരി ബാലകൃഷ്ണന് പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാര്‍ട്ടി അച്ചടക്ക നടപടികളില്‍ കൂടുതല്‍ ശിക്ഷാ നടപടികളുണ്ടാകുമെന്നാണ് കരുതുന്നത്.
പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഈ വിഷയം നീണ്ടു പോകാതെ അന്തിമ തീര്പ്പിലെത്തിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ ജില്ലയിലെ അന്വേഷണവിധേയമായ പിറവം, പെരുമ്പാവൂര്‍, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ നടപടികളെക്കുറിച്ച് വിശദമായ ചര്‍ച്ച നടക്കും.
നേരത്തെ ജില്ലാ കമ്മിറ്റി അംഗീകരിച്ച അച്ചടക്ക നടപടികള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം കിട്ടിയിരുന്നില്ല. പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി എം. വിജയരാഘവന് പങ്കെടുത്ത പത്ത് മണിക്കൂറോളം നീണ്ട ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റികളിലുമായെടുത്ത തീരുമാനമാണ് ശിക്ഷാനടപടികള്‍ കുറഞ്ഞു പോയെന്ന കാരണത്താല്‍ അംഗീകരിക്കപ്പെടാതെപോയത്.
തൃക്കാക്കരയിലെ ഒരു നേതാവിനെ തരം താഴ്ത്തലെന്ന ചെറിയ ശിക്ഷാ നടപടിക്കു വിധേയനാക്കിയശേഷം സര്‍ക്കാര്‍ ക്ഷേമ ബോര്‍ഡില്‍ പദവി നല്കി അംഗീകാരം നല്‍കിയത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കൂടാതെ ശിക്ഷാനടപടികള്‍ കുറഞ്ഞുപോയെന്ന് കാട്ടി ഒട്ടേറെ പരാതികളും സംസ്ഥാന നേതൃത്വത്തിലെത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് തൃക്കാക്കരയിലെയും തൃപ്പൂണിത്തുറയിലെയും അച്ചടക്ക നടപടികള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കാതിരുന്നത്.ഇവിടങ്ങളില്‍ പാര്‍ട്ടി പുനരന്വേഷണത്തിന് തയാറെടുക്കുകയാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തുന്ന അംഗത്തിനായിരിക്കും അന്വേഷണചുമതല.
ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുമെന്നും പാര്‍ട്ടി ജില്ലാ സമ്മേളനത്തിനു മുന്‍പായി നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നാണ് കരുതുന്നത്.
ഒക്ടോബറിലാരംഭിക്കുന്ന ലോക്കല്‍ സമ്മേളനങ്ങളില്‍ കാര്യമായ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇട നല്‍കാതെ പെട്ടെന്നുതന്നെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനാകും പാര്‍ട്ടി ശ്രമിക്കുക. തോൽവിയുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നടപടി കുറഞ്ഞുപോയെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ പരാതിയും സിപിഎം നേതൃത്വം ഗൗരവമായാണ് കാണുന്നത്.
നടപടി കുറഞ്ഞുപോയതിലുള്ള അതൃപ്തി പെരുമ്പാവൂരില്‍ പരാജയപ്പെട്ട ബാബു ജോസഫ് പരസ്യമാക്കുകയും ചെയ്തിരുന്നു.