തോമസ് വര്ഗീസ്
തിരുവനന്തപുരം: കര്ഷകരില് നിന്നു സര്ക്കാരിന്റെ നേതൃത്വത്തില് സംഭരിച്ച നെല്ലിന്റെ പണം മാസങ്ങള് കഴിഞ്ഞിട്ടും നൽകാത്തതിനെതിരേ സമരവുമായി ഭരണമുന്നണിയിലെതന്നെ പ്രധാന കക്ഷിയായ സിപിഎമ്മിന്റെ കര്ഷകസംഘടന രംഗത്ത്.
സിപിഐ ഭരിക്കുന്ന സിവില് സപ്ലൈസ് വകുപ്പ് സപ്ലൈകോ മുഖാന്തിരം സംഭരിച്ച നെല്ലിന്റെ പണം അടിയന്തരമായി നല്കണമെന്നാവശ്യപ്പെട്ടാണ് സിപിഎമ്മിന്റെ കര്ഷക സംഘടനയായ കര്ഷകസംഘത്തിന്റെ പ്രത്യക്ഷ സമരം.
ദിവസങ്ങളായി സംസ്ഥാനത്തെ വിവിധ ജില്ലകളില് കര്ഷകസംഘത്തിന്റെ നേതൃത്വത്തില് സിവില് സപ്ലൈസ് ഓഫീസിനു മുന്നില് സംഭരിച്ച നെല്ലിന്റെ വില നല്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങള് നടക്കുകയാണ്.
ഭരണമുന്നണിയിലെ ധനകാര്യ മന്ത്രിയും സിവില് സപ്ലൈസ് മന്ത്രിയും കൂടി ആലോചിച്ചാല് പരിഹാരം കാണാവുന്ന പ്രശ്നമാണ് നെല്ലിന്റെ വില നല്കുന്നത് സംബന്ധിച്ചുള്ളത്. എന്നാല് ഇക്കാര്യത്തില് സര്ക്കാര് തലത്തില് തീരുമാനം വൈകുകയാണ്.
നാലു മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാതെ വന്നതോടെ നെല് കര്ഷകര് കക്ഷി രാഷ്ട്രീയത്തിന് അതീതമായി ശക്തമായ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നില് വരെയെത്തിയിരുന്നു. ഇതോടെയാണ് ഭരണാനുകൂല സംഘടനകളും ഇപ്പോള് പ്രതിഷേധസമരങ്ങളുമായി രംഗത്തെത്തിയത്.
സംഭരിച്ച നെല്ലിന്റെ പണം അടിയന്തരമായി നല്കുന്നത് ഉള്പ്പെടെയുള്ള ആവശ്യങ്ങള് ഉന്നയിച്ചാണ് ധര്ണ.
എന്നാല് ഭരണ മുന്നണിക്ക് നേത്യത്വം നല്കുന്ന സിപിഎമ്മിന്റെ കര്ഷക സംഘടന തന്നെ സമരവുമായി രംഗത്തെത്തിയതിനെതിരേ സിപിഐയ്ക്ക് രൂക്ഷമായ അമര്ഷമുണ്ട്.
ധനകാര്യവകുപ്പ് ഇടപെട്ട് പണം നല്കാനുള്ള ക്രമീകരണമാണ് ഒരുക്കേണ്ടതെന്നാണ് ഇവരുടെ നിലപാട്. വായ്പയെടുത്തും ആഭരണങ്ങള് പണയപ്പെടുത്തിയും സ്വരൂപിച്ച പണം മുടക്കി കൃഷിചെയ്ത കര്ഷകര്ക്ക് നെല്ലിന്റെ വിളവെടുപ്പ് കഴിഞ്ഞ് മാസങ്ങള് പിന്നിട്ടിട്ടും ഈ വായ്പകള് തിരിച്ചടയ്ക്കാന് കഴിയാത്ത അവസ്ഥിലെത്തി.
സപ്ലൈകോയ്ക്ക് വില്പന നടത്തിയ നെല്ലിന്റെ വില ലഭിക്കാനായി വില്പന നടത്തുമ്പോള് ലഭിക്കുന്ന രസീത്(പിആര്എസ്) ബാങ്കില് സമര്പ്പിച്ചാല് ബാങ്കുകാര് കൂടുതല് നൂലാമാലകളാണ് പണം നല്കുന്നതിനായി മുന്നോട്ടു വയ്ക്കുന്നതെന്നു കര്ഷകര് തന്നെ വ്യക്തമാക്കുന്നു.
തങ്ങള് ഉത്പാദിപ്പിച്ചെടുത്ത നെല്ലു സര്ക്കാരിനു വിറ്റ ശേഷം അതിന്റെ പണത്തിനായി ബാങ്ക് അധികാരികള്ക്ക് മുന്നില് നിന്നും വായ്പ എടുക്കേണ്ട അവസ്ഥയാണ്