നിലന്പൂർ: 2014 ലെ ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലാപക്കൊടിയുയർത്തി സിപിഎം വിട്ടവരിൽ ഒന്‍പത് പേർക്ക് കാൻഡിഡേറ്റ് അംഗത്വം നൽകി തിരിച്ചെടുക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന നിലന്പൂർ ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എന്നാൽ പാർട്ടിവിട്ട മുൻ ഓഫീസ് സെക്രട്ടറിയും നിലവിൽ നഗരസഭ കൗണ്‍സിലറുമായ പി.ഗോപാലകൃഷ്ണനെ തിരിച്ചെടുക്കാൻ പാർട്ടി തയാറായില്ല. ഇപ്പോൾ പാർട്ടിയുമായി സഹകരിച്ചുപോരുന്ന ഗോപാലകൃഷ്ണനെ തിരിച്ചുകൊണ്ടുവരണമെന്നാണ് ഏരിയ നേതൃത്വത്തിലെ പ്രബലവിഭാഗം താൽപ്പര്യപ്പെടുന്നത്.
നിലവിലെ ലോക്കൽ സെക്രട്ടറി അടക്കമുള്ളവർക്കെതിരെ അഴിമതി ആരോപിച്ചാണ് ഗോപാലകൃഷ്ണൻ ഉൾപ്പടെയുള്ളവർ പാർട്ടിവിട്ടത്. അന്ന് പാർട്ടി ജില്ല കമ്മിറ്റി അംഗവും നിലവിലെ ഏരിയ കമ്മിറ്റി അംഗവുമായ വ്യക്തി ഉൾപ്പടെയാണ് ഗോപാലകൃഷ്ണന്റെ മടങ്ങിവരവിന് ഇപ്പോൾ തടയിട്ടിരിക്കുന്നത്. ബിജെപിയുമായി അവിഹിതബന്ധം സ്ഥാപിച്ചാണ് ഗോപാലകൃഷ്ണൻ കൗണ്സിലറായതെന്ന ആരോപണമാണ് ലോക്കൽ കമ്മിറ്റിയിലെ ഒരുവിഭാഗം ഇദ്ദേഹത്തിനെത്തിരെ ഉന്നയിച്ചത്.
ഈ ആരോപണത്തെ മറികടക്കാൻ അനുകൂല പക്ഷത്തിനായില്ല. ഇതോടെ ഗോപാലകൃഷ്ണന്റെ സിപിഎമ്മിലേക്കുള്ള മടങ്ങിവരവ് പ്രതിസന്ധിയില്ലായിരിക്കുകയാണ്. ഏതാനും മാസങ്ങൾക്ക് മുന്‍പ് ഗോപാലകൃഷ്ണൻ അടക്കമുള്ളവരെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ഏരിയ കമ്മിറ്റി മുൻകൈയെടുത്ത് പാർട്ടിയിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തുടർന്ന് സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന സമരങ്ങളിലും സമ്മേളനങ്ങളിലും ഗോപാലകൃഷ്ണൻ പങ്കെടുത്തിരുന്നു. റിലയൻസ് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൗണ്‍സിലർമാരുടെ നേതൃത്വത്തിൽ സിപിഎം നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചപ്പോൾ സിപിഎം കൗണ്‍സിലർമാർക്കൊപ്പം നേതൃത്വനിരയിൽ ഗോപാലകൃഷ്ണനും ഉണ്ടായിരുന്നു.
ദീർഘകാലം പാർട്ടിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന ഗോപാലകൃഷ്ണ് നേരത്തെ ഉന്നയിച്ച അഴിമതി ഉൾപ്പടെയുള്ള ആരോപണങ്ങളിൽ പാർട്ടി നേതൃത്വം നടപടിയും സ്വീകരിച്ചിരുന്നു. പാർട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരണമെന്ന സംസ്ഥാന സമ്മേളനത്തിലെ തീരുമാനപ്രകാരമാണ് തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ച ഇവരെ വീണ്ടും പാർട്ടിയിലെത്തിക്കാൻ നടപടി തുടങ്ങിയത്.
ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ഉൾപ്പടെ നിരവധിപേർ പാർട്ടി വിട്ടിരുന്നു.പാർട്ടിവിട്ടവർ ജനകീയ കൂട്ടായ്മക്ക് രൂപം നൽകി രാഷ്ട്രീയസാമൂഹികവിഷയങ്ങളിൽ ഇടപ്പെട്ടു. പിന്നീട്ട് ഭൂരിഭാഗം പേരും സിപിഐയിലേക്ക് പോയി. ഒരു പാർട്ടിയിലേക്കും പോവാതെ നിന്നിരുന്നവരാണ് വീണ്ടും സിപിഎമ്മിലേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ചത്. ഗോപാലകൃഷ്ണനും ഈ കൂട്ടത്തിലുള്ളയാളായിരുന്നു. അന്ന് പാർട്ടിവിട്ടവരിൽ പ്രമുഖരിലൊരാളായിരുന്നു ഗോപാലകൃഷ്ണൻ.