കൊല്ലം: കശുവണ്ടി ഫാക്ടറികൾ അടച്ചുപൂട്ടിയിട്ടു രണ്ടുവർഷം കഴിയുന്നുവെന്നും ഇത് സർക്കാരിന്റെ വാഗ്ദാനലംഘനത്തിന്റെ വാർഷികമാണെന്നും ആർഎസ് പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ആരോപിച്ചു. കശുവണ്ടിതൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിന് മുന്പിൽ നടത്തിയ പട്ടിണി സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു ലക്ഷം തൊഴിലാളികൾ പണിയെടുക്കുന്ന 750 പരം സ്വകാര്യഫാക്ടറികളിൽ 50 നുതാഴെ ഫാക്ടറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. സർക്കാർ ഉടമയിലുള്ള 40 ഫാക്ടറികളിലായി 18,000 തൊഴിലാളികൾ മാത്രമാണ്. അവിടെയും തുടർച്ചയായി ജോലിയില്ല. വ്യവസായത്തിലെ ഈ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണുമെന്ന വാഗ്ദാനമായിരുന്നു സംസ്ഥാന സർക്കാർ തൊഴിലാളികൾക്ക് നൽകിയിരുന്നത്.
രണ്ടാം വാർഷികം ആചരിക്കുന്പോഴും കശുവണ്ടി തൊഴിലാളികൾക്ക് നല്കിയ വാഗ്ദാനം നടപ്പിലായില്ല. വകുപ്പുമന്ത്രി ഇതിനകം ധാരാളം പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. കശുവണ്ട ി ബോർഡ് രൂപീകരിക്കുമെന്നും വിദേശത്തുനിന്നും തോട്ടണ്ട ി സർക്കാർ നേരിട്ടു ഇറക്കുമതി ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. കോടികൾ ചെലവിട്ടു വിദേശയാത്രയും സെമിനാറുകളും സംഘടിപ്പിക്കുകയും ചെയ്തു.
തൊഴിലാളികൾക്ക് യാതൊരു ഗുണവും ഉണ്ടായില്ല. ഇഎസ്ഐ., പിഎഫ് വഴി ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ എല്ലാം നഷ്ടപ്പെട്ടു. തൊഴിലാളികളെ വഞ്ചിക്കുന്ന സമീപനമാണ് വകുപ്പുമന്ത്രി മേഴ്സികുട്ടിയമ്മയും ഗവണ്മെന്റും സ്വീകരിക്കുന്നതെന്നും എ.എ അസീസ് പറഞ്ഞു.
ഫിലിപ്പ് കെ. തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഫെഡറേഷൻ ജനറൽ സെക്രട്ടറി സജി.ഡി. ആനന്ദ്, പി.പ്രകാശ് ബാബു, കെ.എസ്.വേണുഗോപാൽ, ഇടവനശേരി സുരേന്ദ്രൻ, ടി.കെ. സുൽഫി, കുരീപ്പുഴ മോഹനൻ, ജി. വേണുഗോപാൽ, വെളിയം ഉദയകുമാർ, കിളികൊല്ലൂർ ശ്രീകണ്ഠൻ, കെ.രാമൻപിള്ള, പി.സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.`