തിരുവല്ല: പീഡനക്കേസില്‍ പ്രതിയായ സിപിഎം ഗുണ്ടാനേതാവിനെ പാര്‍ട്ടിയില്‍ തിരികെയെടുത്തതു സംബന്ധിച്ചു വിവാദം. തിരുവല്ലയിലെ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം സി.സി. സജിമോനെയാണ് പാര്‍ട്ടി നേതൃത്വം തിരിച്ചെടുത്ത്.
വിവാഹിതയായ വനിതാ നേതാവിനെ ഇയാൾ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയെ തുടർന്നാണ് നടപടിയെടുത്തത്. യുവതി തന്നെയാണ് പാര്‍ട്ടി നേതൃത്വത്തിനും പോലീസിനും അന്ന് പരാതി നല്‍കിയത്. പീഡനക്കേസുമായി ബന്ധപ്പെട്ട ഡിഎന്‍എ പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയതിലും സജിമോന്‍ പ്രതിയാണ്.
2022ല്‍ സിപിഎം വനിതാ നേതാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി ലഹരി നല്കി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും പ്രതിയായിരുന്നു. മുന്‍പ് കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയും തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു സജി മോൻ.
കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നേതൃയോഗം കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പുറത്താക്കിയത്.
എന്നാല്‍, പുറത്താക്കല്‍ നടപടി കണ്ട്രോള് കമ്മീഷന് റദ്ദാക്കിയതോടെയാണ് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തത്. ഒരു തെറ്റില്‍ രണ്ട് നടപടി വേണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്മീഷന് പുറത്താക്കല്‍ നടപടി റദ്ദാക്കിയത്.