കൊച്ചി: തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കള്ളപ്പണം സൂക്ഷിക്കുന്ന ഇടപാട് സിപിഎമ്മിനില്ല. സിപിഎമ്മിന്റെ അക്കൗണ്ടുകളെല്ലാം നിയമപരമായി കൈകാര്യം ചെയ്യുന്നവയാണ്. തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിനു രഹസ്യ അക്കൗണ്ടുകളുണ്ടെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റിപ്പോര്‍ട്ടിനോടു കൊച്ചിയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ് ലിം ലീഗിന്റെ പതാക ഒഴിവാക്കിയ നടപടിയെ മുഖ്യമന്ത്രിയുടെ രൂക്ഷമായി വിമര്‍ശിച്ചു. സ്വന്തം പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്തവരായി കോണ്‍ഗ്രസ് മാറി. പതാക ഒഴിവാക്കിയത് കോണ്‍ഗ്രസിന്റെ ഭീരുത്വമാണ്. ലീഗിന്റെ വോട്ട് വേണം, പതാക പാടില്ലെന്നാണ് നിലപാട്. ത്രിവര്‍ണപതാക ഉപേക്ഷിക്കണമെന്ന സംഘപരിവാര്‍ ആവശ്യത്തിന് വഴങ്ങുകയാണോ?’
ജീവത്യാഗം ചെയ്ത ദേശാഭിമാനികളെ കോണ്‍ഗ്രസുകാര്‍ മറന്നു. ബിജെപിയെ ഭയന്ന് കോണ്‍ഗ്രസ് സ്വന്തം പതാക ഒളിപ്പിക്കുന്നു.
യുഡിഎഫിനുള്ള എസ്ഡിപിഐ പിന്തുണയില്‍ ശരിയായ ഡീല്‍ നടന്നെന്ന് വേണം മനസിലാക്കാന്‍. ഇത്തരം ശക്തികളുമായി നേരത്തെ തന്നെ ധാരണ ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫിന് അനുകൂല ജനവികാരമാണ് സംസ്ഥാനത്തുള്ളത് എന്നാണ് നാല് മണ്ഡലങ്ങളില്‍ നടത്തിയ പ്രചാരണത്തില്‍നിന്ന് മനസിലായത്. ജനങ്ങള്‍ എല്‍ഡിഎഫില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുവെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു. അതേസമയം എക്സാലോജിക് സംബന്ധിച്ച ചോദ്യങ്ങളോട് അദേഹം പ്രതികരിച്ചില്ല.