ചിറ്റൂർ: മേഖലയിൽ സിപിഎം-ജനതാദൾ എസ് ബന്ധം വീണ്ടും വഷളാകുന്നു. ശനിയാഴ്ച രാത്രി സിപിഎം പ്രവർത്തകനായ നന്ദിയോട് തെക്കേ കവറത്തോട് മോഹൻദാസ് (36)നെ ബൈക്കിലെത്തിയ ആറംഗസംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. ഇയാൾ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മുതലമട ഞാവളംതോട്ടിൽവച്ചാണ് സംഭവം.
ഇതുമായി ബന്ധപ്പെട്ട് നന്ദിയോട് സ്വദേശി ആദിത്യനും കണ്ടാലറിയാവുന്ന ആറുപേർക്കെതിരെയും പോലീസ് കേസെടുത്തു.ഇവർ ജനതാദൾ എസ് പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞദിവസം പാറക്കാട്ടുചള്ളയിൽ സിപിഎം പ്രവർത്തകർക്കുനേരെ ആക്രമണം നടന്നിരുന്നു.
ഇതിൽ ഒരു സ്ത്രീക്ക് പരിക്ക് പറ്റിയിരുന്നു. ജനതാദളിൽ നിന്നും രാജിവച്ച് സിപിഎമ്മിൽ പോയതിലുള്ള വിരോധംകൊണ്ടാണ് തുടർ ആക്രമണസംഭവങ്ങളെന്നാണ് പോലീസിന്റെ വെളിപ്പെടുത്തൽ.