തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് തൃശൂരിലേക്ക് കടക്കുമ്പോൾ ഇതുവരെ ജാഥയിൽനിന്ന് വിട്ടുനിന്ന ഇ.പി. ജയരാജൻ ഒപ്പം ചേരും.
ഇന്നു രാവിലെ തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്കു പുറപ്പെട്ട ഇ.പി. ജയരാജൻ തൃശൂർ തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിലായിരിക്കും പങ്കെടുക്കുക.
സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയിൽ സ്വന്തം തട്ടകമായി കണ്ണൂരിലടക്കം പങ്കെടുക്കാതിരുന്നതിന് ജയരാജൻ എന്തെങ്കിലും വിശദീകരണം നൽകുമോ എന്നതാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരേ മുൻ എംഎൽഎ കൂടിയായ അനിൽ അക്കര പുറത്തുവിട്ട രേഖകളുടെ ചൂടാറും മുന്പാണ് സിപിഎം ജാഥ തൃശൂരിൽ എത്തുന്നത്.
അനിൽ അക്കര ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടി ഇന്ന് സംസ്ഥാന സെക്രട്ടറിയിൽ നിന്നുണ്ടായേക്കുമെന്നും കരുതുന്നു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും തൃശൂർ കോർപറേഷനിലെ ബിനി ടൂറിസ്റ്റ് ഹോം വിവാദവും ഉൾപ്പെടെ പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയിട്ടുള്ള കാര്യങ്ങളിൽ ബന്ധപ്പെട്ടവരുമായി ഗോവിന്ദൻ സംസാരിക്കുമെന്നും സൂചനയുണ്ട്.
ഇന്ന് രാവിലെ 10ന് പാലക്കാട് ജില്ലയിൽനിന്ന് തൃശൂർ ജില്ലയിലേക്ക് യാത്ര പ്രവേശിച്ചു. ചെറുതുരുത്തിയിലായിരുന്നു ആദ്യസ്വീകരണം.
തുടർന്ന് ഓട്ടുപാറ, കുന്നംകുളം, ചാവക്കാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ടാണ് തൃശൂർ നഗരത്തിൽ എത്തുക.