കണ്ണൂർ: അവർ എന്തിനീ ക്രൂരത എന്നോട് കാണിക്കുന്നു. എന്നെ ചുട്ടുകൊല്ലാൻ ശ്രമിച്ചു, വരുമാനത്തിനായി പോറ്റുന്ന ആടുകളെ ചുട്ടുകൊന്നു….എന്നിട്ടും കലിയടങ്ങാതെ ഇപ്പോൾ ജീവിക്കാൻ പോലും അനുവദിക്കുന്നില്ല. പൊട്ടിക്കരഞ്ഞു കൈകൊണ്ടു മുഖംമറച്ചു മൊറാഴ പൂതപ്പാറ താഴെയിലെ കൊയിലേരിയൻ നാരായണി കൈകൂപ്പി പറയുകയാണ്. കണ്ണൂർ പ്രസ്ക്ലബ്ബിൽ മാധ്യമ പ്രവർത്തകർക്കു മുന്നിലാണ് നാരായണി താൻ അനുഭവിക്കേണ്ടി വന്ന ക്രൂരതയുടെ കഥകൾ നിരത്തിയത്.
നാരായണി സിപിഎം മെമ്പറും കർഷകത്തൊഴിലാളി യൂണിയൻ മൊറാഴ വില്ലേജ് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.രണ്ടു വർഷം മുന്പ് പട്ടികജാതി സംഘടനയുടെ സജീവ പ്രവർത്തകയായതിനു ശേഷം സിപിഎമ്മിൽനിന്നു പുറത്താക്കുകയും പാർട്ടിയുടെ കണ്ണിലെ കരടായി മാറുകയുമായിരുന്നുവെന്ന് അവർ പറയുന്നു. പിന്നീട് അംഗത്വം പാർട്ടി പുതുക്കി നൽകിയിട്ടില്ല. രണ്ടു മുറി വീട്ടിൽ തനിച്ച് താമസിക്കുകയാണ് അവിവാഹിതയായ ദളിത് വിഭാഗത്തിൽപ്പെട്ട 65 വയസുള്ള നാരായണി. കഴിഞ്ഞ 22ന് പുലർച്ചെ 4.30 ഓടെ ഒരു സംഘം വീടിനു തീയിട്ടു. വീടിനകത്ത് കിടന്നുറങ്ങുകയായിരുന്ന അവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ജനലുകളും വാതിലുകളും കത്തിയമർന്നു.
വീടിനോടു ചേർന്നുള്ള വിറകുപുരയും ആട്ടിൻ കൂടും പൂർണമായും കത്തിനശിച്ചു. ബഹളം കേട്ട് ഉണർന്ന ബന്ധുക്കളാണ് നാരായണിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് തളിപ്പറന്പ് പോലീസും പട്ടികജാതി വകുപ്പിലെ ഉദ്യോഗസ്ഥരും വീട് സന്ദർശിച്ചെങ്കിലും യാതൊരു അന്വേഷണം നടത്തിയിട്ടില്ലെന്നും തന്നെ ചുട്ടുകൊല്ലാനുള്ള നീക്കമായിരുന്നു അതെന്നും നാരായണി പറയുന്നു.
2013 ലും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നു.അന്ന് എസ്സിഎസ്ടി, പിഒഎ ആക്ട് പ്രകാരം കേസെടുത്തിരുന്നു. ഈ കേസ് തലശേരി കോടതിയിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. കേസ് ഒത്തുതീർപ്പാക്കാൻ പ്രതികളും സിപിഎമ്മും സമ്മർദം ചെലുത്തിയെങ്കിലും വഴങ്ങാൻ തയാറാവാത്തതിനെ തുടർന്ന് പ്രതികൾക്ക് വൈരാഗ്യം ഇരട്ടിയായതായി അവർ പറഞ്ഞു. വീട്ടുകിണറിൽ മലമൂത്ര വിസർജനം നടത്തുക, വീട്ടുപകരണങ്ങൾ, പാത്രങ്ങൾ തുടങ്ങിയവ നശിപ്പിക്കുക എന്നിവ നിത്യസംഭവങ്ങളാണ്.
ഉപജീവനത്തിനായി വളർത്തുന്ന ആടുകളെ കൊല്ലുകയും ചെയ്തിട്ടുണ്ട്. ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്യുന്നതായി നാരായണി പറഞ്ഞു. പാർട്ടിക്കാരുടെ ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ അധികാരികളുടെ മുന്നിൽ സമരവുമായി വരേണ്ടിവരുമെന്നും അവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യണം: കെപിജെഎസ്
കൊയിലേരിയൻ നാരായണിയെ വീടിന് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ ശക്തമായ സമര പരിപാടിക്ക് കെപിജെഎസ് നേതൃത്വം നൽകുമെന്നും കേരള പട്ടിക ജനസമാജം സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സുനിൽ കുമാർ പറഞ്ഞു. ഉത്തരേന്ത്യയിൽ പോലും നടക്കാത്ത ക്രൂരതയാണ് നടന്നതെന്നും അദ്ധേഹം ആരോപിച്ചു. കെപിജെഎസ് സംസ്ഥാന മഹിളാ പ്രസിഡന്റ് മീനാക്ഷി ശ്രീധരൻ, ഗോപി കട്ടിപ്പാറ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.