കോട്ടയം: നാലു ദിവസങ്ങളിലായി നടക്കുന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിനു ഇന്നു കോട്ടയത്ത് പതാക ഉയരും. ഇന്നു വൈകുന്നേരം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നും പതാക, കൊടിമര,ബാനർ ജാഥകൾ കോട്ടയത്ത് എത്തും. തുടർന്ന് .
അഞ്ചിന് തിരുനക്കര മൈതാനത്ത് സ്വാഗത സംഘം ചെയർമാൻ കെ. സുരേഷ്കുറുപ്പ് എംഎൽഎ പതാക ഉയർത്തും. നാളെ രാവിലെ 10ന് മാമ്മൻ മാപ്പിള ഹാളിൽ ചേരുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈക്കം വിശ്വൻ, ഡോ.ടി.എം.തോമസ് ഐസക്, പി.കെ. ശ്രീമതി, എം.സി. ജോസഫൈൻ, ആനത്തലവട്ടം ആനന്ദൻ, ബേബി ജോണ്, എം.എം.മണി, കെ.ജെ. തോമസ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ കമ്മിയംഗങ്ങൾ ഉൾപ്പെടെ 290 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വൈകുന്നേരം തിരുനക്കര മൈതാനത്ത് നടക്കുന്ന സാന്പത്തിക സെമിനാർ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
മൂന്നിനു പ്രതിനിധി സമ്മേളനം തുടരും. വൈകുന്നേരം നടക്കുന്ന വർഗീയ വിരുദ്ധസെമിനാർ ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. സ്വാമി സന്ദീപാനന്ദ ഗിരി, താഹാ മൗലവി എന്നിവർ പങ്കെടുക്കും. നാലിനു രാവിലെ പുതിയ ജില്ലാ കമ്മിറ്റിയേയും സെക്രട്ടറിയേയും തെരഞ്ഞെടുക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു പോലീസ് പരേഡ് ഗ്രൗഡിൽ നിന്നും ചുവപ്പുസേനാ മാർച്ചും. പോപ്പു മൈതാനത്തു നിന്നും ബഹുജനറാലിയും ആരംഭിക്കും. തുടർന്നു തിരുനക്കര മൈതാനത്തു നടക്കുന്ന പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.