എംജെ ശ്രീജിത്ത്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിന് ഇനി ആവേശം വേണ്ടെന്ന് സിപിഎം സംസ്ഥാന സമിതിയിൽ അഭിപ്രായം. സ്ത്രീ പ്രവേശന വിഷയം കൈകാര്യം ചെയ്തതിൽ ഗുരുതര വീഴ്ച ഉണ്ടായി. ഇനി ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. തെറ്റുതിരുത്തൽ നടപടികളുമായി മുന്നോട്ടു പോകണം.
ക്ഷേത്രകാര്യങ്ങളിൽ സിപിഎം അംഗങ്ങളും നേതാക്കളും കൂടുതൽ ഇടപെടണമെന്ന തരത്തിലുള്ള അഭിപ്രായങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും ഉയർന്നു.
വിശ്വാസികളുടെ വികാരം മാനിക്കണമെന്ന നിർദേശം സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള പ്രാദേശിക ഘടകങ്ങളിലെത്തിക്കും. ആളുകൾക്കിടയിലിറങ്ങി നേതാക്കളും പ്രവർത്തകരും പ്രവർത്തിക്കണം. വിശ്വാസികളെയും പാർട്ടിക്ക് ഒപ്പം നിർത്തണം. അതിനായി പ്രാദേശിക ക്ഷേത്ര കമ്മിറ്റികളിൽ പ്രവർത്തകർ സജീവമാകണമെന്നും സിപിഎമ്മിൽ നിർദേശമുയർന്നു. നിലവിൽ കണ്ണൂരിലടക്കമുള്ളത് പോലെ, പ്രാദേശിക തലത്തിൽ വിശ്വാസികളുമായി കൂടുതൽ അടുക്കാൻ ക്ഷേത്രസമിതികളിൽ പ്രവർത്തകർ അംഗങ്ങളാകുന്നത് നല്ലതാണെന്നും നിർദേശമുണ്ട്.
വിവാദ നിലപാടുകളിൽ പാർട്ടിക്ക് എതിരായി പരസ്യമായി നിലപാട് സ്വീകരിക്കരുത്. ശബരിമലയുമായി ബന്ധപ്പെട്ട ഈ നിലപാട് മാറ്റവും മയപ്പെടുത്തലും, തെറ്റുതിരുത്തൽ രേഖയിൽ ഉൾപ്പെടുത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
സിപിഎം മന്ത്രിമാർക്കെതിരെ സമിതിയിൽ വിമർശനമുയർന്നു. പ്രവർത്തർക്ക് പലപ്പോഴും സിപിഎം മന്ത്രിമാരെ കാണാൻ കഴിയുന്നില്ല. പ്രവർത്തകരെ കണ്ടാൽ ചില മന്ത്രിമാർ ഒഴിഞ്ഞു പോകുന്നുവെന്നും സംസ്ഥാന സമിതിയിൽ ആരോപണമുയർന്നു. ജില്ലാ കമ്മിറ്റികളുടെ ശിപാർശകൾ പലപ്പോഴും തഴയുന്നതായും സമിതി നിരീക്ഷിച്ചു. മന്ത്രിമാർ പ്രവർത്തകരുടെ പ്രശ്നങ്ങള്‍ കേൾക്കണമെന്ന് സമിതി തീരുമാനിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ മാധ്യമ വാർത്തകൾ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്നും സംസ്ഥാന സമിതിയില്‍ നിരീക്ഷണമുണ്ടായി. മുഖ്യമന്ത്രിയായതിന് ശേഷവും പിണറായി വിജയനെ മാധ്യമങ്ങൾ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു. പോലീസിലെ ഒരു വിഭാഗം ബോധപൂർവ്വം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നെന്നും സംസ്ഥാന സമിതിയുടെ വിലയിരുത്തൽ.
അതിരുകടക്കുന്ന പാര്ട്ടിപ്പിരിവിനെ കുറിച്ചായിരുന്നു മറ്റൊരു സ്വയം വിമര്‍ശനം. പിരിവുകൾ പലപ്പോഴും പ്രവര്‍ത്തകര്‍ക്ക് ബാധ്യതയാകുകയാണ്. പിരിവ് കുറയ്ക്കണം. ക്വോട്ട നിശ്ചയിച്ചുള്ള പിരിവ് പ്രവർത്തകരെ ബുദ്ധിമുട്ടിക്കുന്നു എന്നാണ് സംസ്ഥാന സമിതിയിൽ ഉയര്‍ന്ന നിരീക്ഷണം. പാർട്ടിയും ബഹുജന സംഘടനകളും ഒരെ സമയം പിരിവെടുക്കുന്നത് ഒഴിവാക്കണമെന്നും സാലറി ചലഞ്ച് അടിച്ചേൽപ്പിക്കരുതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.