സ്വന്തം ലേഖകൻ
കണ്ണൂർ: നാളെ നടക്കുന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ ആന്തൂർ വിഷയം ചർച്ചയായേക്കും. പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ. ശ്യാമളയ്ക്കെതിരേ സിപിഎം കണ്ണൂർ ജില്ലാകമ്മിറ്റി വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു.
പി.കെ. ശ്യാമളയുടെ രാജിയടക്കം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജില്ലാ കമ്മിറ്റിയുടെ ഈ ആവശ്യം സംസ്ഥാന സമിതി അംഗീകരിച്ചില്ല. സിപിഎം സംസ്ഥാന സമിതി യോഗത്തിനുശേഷം പി.കെ. ശ്യാമളയ്ക്കു പൂർണ പിന്തുണയാണ് നൽകിയത്.
തളിപ്പറന്പ് ഏരിയാ കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റിയുടെയും എതിർപ്പുകൾ ശ്യാമളയ്ക്കെതിരായിരുന്നു. ജയിംസ് മാത്യു എംഎൽഎ, പി. ജയരാജൻ തുടങ്ങിയവർ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രൂക്ഷമായ ഭാഷയിലാണ് ആന്തൂർ നഗരസഭയ്ക്കെതിരേ പ്രതികരിച്ചത്.
ശ്യാമള തെറ്റുകാരിയാണെന്നും മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ട് ജില്ലാകമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ശ്യാമളയെ വിമർശിച്ച കണ്ണൂരിലെ സിപിഎം നേതാക്കൾക്കെതിരേ രൂക്ഷമായ എതിർപ്പും സംസ്ഥാന സമിതിയിലുണ്ടായി.
ഇതിനിടെ ആന്തൂർ വിഷയത്തിൽ ജയിംസ് മാത്യു എംഎൽഎ സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദനെതിരേ രംഗത്ത് വരികയും ചെയ്തിരുന്നു. സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി.ജയരാജനെതിരേയും സംസ്ഥാന സമിതിയിൽ വിമർശനമുണ്ടായിരുന്നു. കണ്ണൂരിലെ നേതാക്കൾ തമ്മിലുള്ള ഭിന്നത ആന്തൂർ വിഷയത്തോടെ മറ നീക്കി പുറത്തു വന്നിരിക്കുന്ന പശ്ചാതലത്തിലാണ് ജില്ലാ കമ്മിറ്റിയോഗവും സെക്രട്ടറിയേറ്റു യോഗവും നടക്കുന്നത്.
ശ്യാമളയ്ക്ക് പിന്തുണ അറിയിച്ച സംസ്ഥാന സമിതിയുടെ തീരുമാനം ജില്ലാകമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യേണ്ടിവരും. അതിനാൽ സംസ്ഥാന സമിതിയുടെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കേണ്ടി വരും. ജില്ലാകമ്മിറ്റി യോഗത്തിനു മുന്നോടിയായി സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്. സെക്രട്ടറിയേറ്റ് യോഗത്തിൽ ആന്തൂർ വിഷയത്തിൽ നേതാക്കൾ തമ്മിൽ ധാരണയിൽ എത്തുവാനാണ് സാധ്യത.