സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ കനത്ത തെരഞ്ഞെടുപ്പു തോൽവിയുടെ കാരണം കണ്ടെത്തി ആവശ്യമായ തിരുത്തലുകൾക്കു പാർട്ടി തയാറാകണമെന്നു സിപിഎം സംസ്ഥാന സമിതിയിൽ നേതാക്കൾ.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സർക്കാർ നടപടി ഭരണഘടനാപരമായി ശരിയായിരുന്നെങ്കിലും വിശ്വാസി സമൂഹത്തെ അതു ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും പാർട്ടിയും സർക്കാരും വിശ്വാസങ്ങൾക്ക് എതിരാണെന്ന പ്രതീതി ഇതുമൂലം ഉണ്ടായെന്നും അവർ പറഞ്ഞു.
ന്യൂനപക്ഷങ്ങൾ പൊതുവേ യുഡിഎഫ് അനുകൂല നിലപാട് കൈക്കൊള്ളുന്നവരാണ്. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ സമുദായവും മുന്നണിയെ കൈവിട്ടു. അതുകൊണ്ടാണു യുഡിഎഫ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം അത്ഭുതകരമായി വർധിച്ചതെന്നും ശബരിമല വിഷയത്തിൽ സർക്കാർ പുനർചിന്തനം നടത്തേണ്ടതുണ്ടോയെന്നു നേതൃത്വം പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സമിതിയിൽ നേതാക്കൾ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ ചേർന്ന സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചു. ഈ റിപ്പോർട്ടിലാണു സംസ്ഥാന സമിതിയിൽ ചർച്ച നടന്നത്. ന്യൂനപക്ഷ സമുദായങ്ങളുടെ ഏകീകരണമാണു തെരഞ്ഞെടുപ്പു തോൽവിയുടെ പ്രധാന കാരണമെന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കണ്ടെത്തൽ പൂർണമായും ശരിയല്ലെന്ന വിലയിരുത്തലാണു സംസ്ഥാന സമിതിയിൽ ഉണ്ടായത്.
തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, തൃശൂർ ജില്ലാ കമ്മിറ്റികൾ നൽകിയ റിപ്പോർട്ടിൽ ശബരിമല വിഷയം തോൽവിക്കു കാരണമായിട്ടുണ്ടെന്നു പറഞ്ഞിരുന്നു.
തിരുവനന്തപുരത്ത് സിപിഐ സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതും ഉറച്ച മണ്ഡലമായ ആറ്റിങ്ങലിൽ പാർട്ടി സ്ഥാനാർഥി പരാജയപ്പെട്ടതും ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ട് നഷ്ടപ്പെട്ടതുകൊണ്ടാണെന്നു പറഞ്ഞിരുന്നു. എന്നാൽ ഇന്നലെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച തെരഞ്ഞെടുപ്പു റിപ്പോർട്ടിൽ ഈ പരാമർശം ജില്ലാ കമ്മിറ്റിയുടെ പുതിയ കണ്ടെത്തലാണെന്നായിരുന്നു വ്യാഖ്യാനം.