തിരുവനന്തപുരം: പിണറായി വിജയന്റെ ഉറ്റവരായ ജയരാജന്മാർ മൂന്നു തട്ടിലായതോടെ എക്കാലത്തെയും സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി യദുകുലം പോലെ തമ്മിലടിച്ചു തകർന്നുവെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. നിഴൽ യുദ്ധം തുടരുന്ന ജയരാജന്മാരെ താമസിയാതെ കുലംകുത്തികളായി പ്രഖ്യാപിക്കും.
പാർട്ടി അംഗത്വം, ചുവപ്പുസേന എന്നിവയിൽ എന്നും ഒന്നാമതായ കണ്ണൂരിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഗ്രാമങ്ങൾ ഒലിച്ചു പോയത്. ബംഗാളിൽ നന്ദിഗ്രാമിൽ നിന്നാണ് സിപിഎമ്മിന്റെ മരണമണി മുഴങ്ങിയതെങ്കിൽ കേരളത്തിൽ കണ്ണൂരിലാണ് അന്ത്യകൂദാശ നടന്നത്.
മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി, മുന്നണി കൺവീനർ എന്നീ ഉന്നത സ്ഥാനങ്ങൾ കണ്ണൂരിൽ മാത്രമായി കേന്ദ്രീകരിക്കുന്നതിൽ മറ്റു ജില്ലക്കാർക്ക് കടുത്ത അമർഷമുണ്ട്. വി.എസിന്റെ പതനത്തോടെ ദുർബലമായ തിരുവിതാംകൂർ ലോബി പുതിയ നേതാവിനെ തേടുകയാണ്. ആദ്യ കാലത്ത് എകെജിയായിരുന്നു കണ്ണൂർ ലോബിയുടെ നായകൻ. പിന്നീട് എം.വി.രാഘവനായി.
ഇഎം എസും വിഎസും ചേർന്ന് രാഘവനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഇഎംഎസിനെ ഒരുക്കാൻ വി.എസ് കണ്ണൂർ ലോബിയേയും ഇ.കെ.നായനാരെയും വിലക്കെടുത്തു. പിണറായിയെ പാർട്ടി സെക്രട്ടറിയാക്കാൻ വി.എസ് മുൻകൈ എടുത്തത് സി.ഐ.ടി.യു ലോബിയെ വെട്ടി നിരത്താനായിരുന്നു.
ചൊൽപ്പടിക്കു നിൽക്കാതെ വന്നപ്പോൾ മലപ്പറം സമ്മേളനത്തിൽ പിണറായിയെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റാൻ വി.എസ്. ശ്രമിച്ചെങ്കിലും കണ്ണൂർ ലോബി ചെറുത്തു തോല്പിച്ചു.വി.എസിനെ മുഖ്യമന്ത്രിയാക്കാതിരിക്കാൻ കണ്ണൂർ ലോബി സംസ്ഥാന കമ്മറ്റിയിലും സെക്രട്ടറിയേറ്റിലും ശക്തി തെളിയിച്ചെങ്കിലും പോളിറ്റ് ബ്യൂറോ വീറ്റോ ചെയ്തു. പിണറായി മുഖ്യമന്ത്രിയായതോടെ വി.എസിനെ രാഷ്ട്രീയ വേദിയിൽ നിന്നും ഉന്മൂലനം ചെയ്യുന്നതിൽ കണ്ണൂർ ലോബി വിജയിച്ചു.
സൃഷ്ടിസ്ഥിതിസംഹാരമൂർത്തികളായ കണ്ണൂർ ലോബി അന്ത:ച്ഛിദ്രം മൂലം ഇപ്പോൾ ഊർദ്ധശ്വാസം വലിക്കുകയാണ്. ഒക്ടോബർ മുതൽ ആരംഭിക്കുന്ന പാർട്ടി സമ്മേളനങ്ങൾ പൂർത്തിയാകുന്നതോടെ സി.പി.എമ്മിലെ ശക്തി ബന്ധങ്ങളിൽ വലിയ മാറ്റമുണ്ടാകും.