പത്തനംതിട്ട: സിപിഎമ്മില്‍ എത്തിയ കാപ്പാക്കേസ് പ്രതി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ തല അടിച്ചു പൊട്ടിച്ചതായി പരാതി. കഴിഞ്ഞ ഓഗസ്റ്റ് 29ന് പത്തനംതിട്ട മുണ്ടുകോട്ടയ്ക്കലിലാണ് സംഭവം. ഒരു വിവാഹ സല്‍ക്കാര ചടങ്ങിനിടെ മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി രാജേഷിനെ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ചത്.
തലയ്ക്കും മുഖത്തും പരിക്കേറ്റ രാജേഷ് ചികിത്സ തേടിയിരുന്നു. ഭീഷണിയെത്തുടര്‍ന്ന് രാജേഷ് ആദ്യം പരാതി നല്‍കിയിരുന്നില്ല. സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ പോലീസിനോട് വാഹനത്തില്‍ വീണതാണെന്നാണ് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെ പത്തനംതിട്ട പോലീസില്‍ ശരണ്‍ ചന്ദ്രനെതിരേ രാജേഷ് പരാതി നല്കി.
ബിജെപി വിട്ടുവന്ന 62 പേരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് മാലയിട്ടു സിപിഎമ്മിലേക്ക് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. അന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നവരില്‍ പ്രധാനി ശരണ്‍ ചന്ദ്രന് കാപ്പാ കേസ് പ്രതിയെന്ന വിവരം പുറത്തുവന്നത് സിപിഎമ്മിന് തിരിച്ചടിയായിരുന്നു.
ഇതിനു പിന്നാലെ ഈ സംഘത്തില്‍ സിപിഎമ്മില്‍ ചേര്‍ന്ന യദു കൃഷ്ണനെന്ന യുവാവിനെ കഞ്ചാവുമായി എക്സൈസ് പിടികൂടിയത് അടുത്ത വിവാദമായി. എസ്എഫ്ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലുള്ള പ്രതിയെയും മാലിയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ചുവെന്ന വിവരം കൂടി പിന്നാലെ പുറത്തുവന്നു. 2023 നവംബറിലെ വധശ്രമക്കേസില്‍ ഒന്നാംപ്രതിയായ ശരണ്‍ ചന്ദ്രന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യമെടുത്തു. എന്നാല്‍ നാലാം പ്രതി സുധീഷ് ഒളിവിലെന്നാണ് പത്തനംതിട്ട പോലീസ് പറയുന്നത്.