സ്വന്തം ലേഖകൻ
തൃശൂർ: കരുവന്നൂർ കേസിൽ പിടിയില്ലാക്കയത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന സിപിഎം നേതൃത്വം തട്ടിപ്പുകൾക്ക് തങ്ങൾക്കൊപ്പം നിന്നിരുന്നവർ കളംമാറി തങ്ങൾക്കെതിരെ മൊഴിനൽകുന്ന സ്ഥിതിയായതോടെ അവരെ തള്ളിപ്പറയുന്നു.
തങ്ങൾക്കെതിരെ ഇ.ഡിക്ക് മൊഴി നൽകുകയും മാപ്പുസാക്ഷിയാകാൻ ഒരുങ്ങുകയും ചെയ്യുന്നവരെ നിഷ്കരുണം തള്ളിപ്പറഞ്ഞുകൊണ്ടാണ് സിപിഎം തങ്ങൾക്കെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കുന്നത്.
ക്രിമിനലുകളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ഇ.ഡി കള്ളക്കഥകൾ ചമയ്ക്കുകയാണെന്ന വിലയിരുത്തലാണ് സിപിഎം ജില്ലസെക്രട്ടേറിയറ്റിനുള്ളത്. ക്രിമിനലുകളുടെ മൊഴിയാണ് ഇ.ഡി പുറത്തുവിട്ടുകൊണ്ടിരിക്കുന്നതെന്നും സിപിഎം ആരോപിക്കുന്നു.
കെ.എ.ജിജോർ ആരാണെന്ന് ചോദിക്കുന്ന സിപിഎം ഇയാൾ തട്ടിപ്പുകേസുകളിൽ ഉൾപ്പടെ പല കേസുകളിലും പ്രതിയായിട്ടുള്ളയാളാണെന്നും ചൂണ്ടിക്കാട്ടിയാണ് തള്ളിപ്പറയുന്നത്.കരുവന്നൂർ കേസിൽ നേരത്തെ കുറ്റാരോപിതനാണ് ജിജോർ എന്നും സിപിഎം പറയുന്നു.
എന്നാൽ സതീഷ്കുമാറിനെ പാർട്ടി തള്ളിപ്പറയുന്നില്ല. എ.സി.മൊയ്തീൻ എംഎൽഎയുടേയും എം.കെ.കണ്ണന്റെയും ബെനാമിയാണ് സതീഷ് എന്ന ആരോപണങ്ങൾ രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്നാണ് സിപിഎം വിലയിരുത്തൽ.
പതിറ്റാണ്ടുകളായി രാഷ്ട്രീയപ്രവർത്തനം നടത്തുന്ന നേതാക്കളെ ക്രിമിനലുകളെക്കൊണ്ട് ആക്ഷേപങ്ങൾ ഉന്നയിപ്പിച്ച് കരിനിഴൽ വീഴ്ത്താനുള്ള ശ്രമങ്ങളെയും പാർട്ടി അപലപിക്കുന്നുണ്ട്.
പ്രതിപ്പട്ടികയിലുള്ളവരെ മാപ്പുസാക്ഷികളാക്കി അവരെ ഉപയോഗിച്ച് തങ്ങളുടെ രാഷ്ട്രീയ ദൗത്യം നിർവഹിക്കുകയാണ് ഇഡിയെന്നാണ് പുതിയ ആരോപണം. പാർട്ടി നേതാക്കൾക്ക് ബന്ധമില്ലാത്ത സംഭവങ്ങളിൽ അവരെ ആക്ഷേപിക്കാനുള്ള പരിശ്രമങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നാണ് സിപിഎമ്മിന്റെ താക്കീത്.