എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം എൽഡിഎഫിലേക്ക് വരാൻ തയാറായാൽ അവരെ കൂടെ കൂട്ടാം എന്ന നിലപാടിലുറച്ച് സിപിഎം.
കോട്ടയത്ത് ഏറെ ജനസ്വാധീനമുള്ള കക്ഷി ജോസ് വിഭാഗം ആണെന്ന കോട്ടയം ജില്ലാ കമ്മറ്റിയുടെ റിപ്പോർട്ട് സിപിഎം സംസ്ഥാന നേതൃത്വത്തിനു മുന്നിലുണ്ട്. ജോസ് കെ. മാണിയേയും കൂട്ടരേയും കൂടെ കൂട്ടുന്ന കാര്യത്തിൽ ജില്ലാ സെക്രട്ടറി വി.എൻ.വാസവനുമായി സംസ്ഥാന നേതൃത്വം ആശയവിനിമയം നടത്തിയിരുന്നു.
ജോസ് വിഭാഗത്തെ കൂടെ കൂട്ടിയാൽ ഗുണം ചെയ്യുമെന്ന അഭിപ്രായമാണ് വാസവൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ജോസ് കെ.മാണി വിഭാഗത്തിന് പരസ്യ സ്വാഗതവുമായി രംഗത്ത് എത്തിയത്. തുടർ ഭരണം ലക്ഷ്യമിടുന്ന മുഖ്യമന്ത്രി പിണറായി വിജയനും ജോസ് കെ .മാണി വിഭാഗത്തെ കൂടെകൂട്ടുന്നതിൽ എതിർപ്പില്ല.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചേരുന്നുണ്ട്. ജോസ് കെ. മാണി വിഷയം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. ജോസ് കെ.മാണി വിഭാഗത്തെ എൽഡിഎഫിൽ എടുക്കുന്നതിൽ സിപിഐ കടുത്ത എതിർപ്പുമായി നിൽക്കുന്നുണ്ടെങ്കിലും അതു കാര്യമാക്കേണ്ട എന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
സിപിഐക്കാൾ കോട്ടയത്ത് ജന സ്വീകാര്യതയുള്ള കക്ഷി ജോസ് വിഭാഗം എന്നു തന്നെയാണ് സിപിഎം വിലയിരുത്തൽ. സിപിഐ ഒഴിച്ച് എൽഡിഎഫിൽ നിന്ന് എതിർപ്പ് ഉയരാൻ സാധ്യതയുള്ളത് പാലാ സീറ്റിനെ ചൊല്ലി എൻസിപിക്കാണ്.
അതു പരിഹരിക്കാനുള്ള ഫോർമുലയും സിപിഎം കണ്ടു വച്ചിട്ടുണ്ട്. രാജ്യസഭാ സീറ്റ് ഏതെങ്കിലും കാരണ വശാൽ ജോസ് കെ .മാണി ഒഴിഞ്ഞാൽ മാണി സി. കാപ്പന് പകരം അതു നൽകി ഡൽഹിക്ക് അയക്കാമെന്ന കണക്കു കൂട്ടലാണ് സിപിഎമ്മിനുള്ളത്.
ജോസ് കെ.മാണി വിഭാഗം എൽഡിഎഫിൽ വരാനുള്ള സന്നദ്ധത പരസ്യമായി പ്രഖ്യാപിച്ച ശേഷം മാത്രമെ തുടർചർച്ചകൾ നടക്കുകയുളളു. അതുവരെ പലതരത്തിലുള്ള ഫോർമുലകൾ ചർച്ച ചെയ്യാനുളള അവസരമുണ്ട്.
നിലവിൽ ആന്റണി രാജു, സ്കറിയാ തോമസ്, ബാലകൃഷ്ണപിള്ള തുടങ്ങിയവർ പ്രതിനിധാനം ചെയ്യുന്ന കേരള കോൺഗ്രസ് എൽഡിഎഫിലുണ്ട്. കേരള കോൺഗ്രസ് ബി ചെയർമാൻ ബാലകൃഷ്ണപിള്ളയും മകനും എംഎൽഎയുമായ കെബി ഗണേഷ് കുമാർ, സ്കറിയാ തോമസ്, ആൻറണി രാജു എന്നിവർ വഴിയാണ് ചർച്ചകൾ നടക്കുന്നത്.
ജോസ് കെ. മാണി വിഭാഗത്തെ കൂടെ കൂട്ടുന്ന കാര്യത്തിൽ ഇവരൊന്നും ഇതുവരെ എൽഡിഎഫ് നേതൃത്വത്തെയോ സിപിഎമ്മിനെയോ എതിർപ്പ് അറിയിച്ചിട്ടില്ല. അതു കൊണ്ടു തന്നെ സിപിഐയുടെ എതിർപ്പ് തള്ളികൊണ്ടു തന്നെ തുടർ ചർച്ചകളുമായി മുന്നോട്ടു പോകാനാണ് സിപിഎമ്മിനുള്ളിൽ ഉണ്ടായിരിക്കുന്ന ധാരണ.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷിയാക്കാതെ യോജിച്ചു മത്സരിക്കുകയും അതിൽ വിജയിക്കുന്ന പക്ഷം നിയമസഭാ തെരഞ്ഞെടുപ്പിൽ ഘടകകക്ഷിയായി ചേർന്ന് മത്സരിക്കുക- ഇതാണ് ഇപ്പോൾ സിപിഎമ്മിന്റെ മനസിലിരിപ്പ്.
ഏഴു മുതൽ ഒന്പതു സീറ്റുകൾ വേണമെന്നും കോട്ടയം ലോക്സഭാ സീറ്റും രാജ്യസഭാ സീറ്റും വേണമെന്ന നിലപാടാണ് ജോസ് കെ.മാണി വിഭാഗം ചർച്ചയിൽ മുന്നോട്ടു വച്ചിരിക്കുന്ന ആവശ്യം. രാജ്യ സഭാ സീറ്റ് വിട്ടു കൊടുക്കേണ്ടി വന്നാലും കേരള കോൺഗ്രസിന്റെ അടിത്തറയായ പാലാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാകില്ല.
പല തരത്തിലുള്ള ചർച്ചകൾ ഇതിനകം നടന്നു കഴിഞ്ഞു. യുഡിഎഫ് ചതിച്ചു പുറത്താക്കി എന്ന വികാരമാണ് ജോസ് കെ.മാണി വിഭാഗത്തിനുള്ളത്. ഒരു മുന്നറിയിപ്പും നൽകാതെ ജോസഫിന്റെ വാക്കു കേട്ട് തങ്ങളെ പുറത്താക്കിയതിൽ കടുത്ത അമർഷത്തിൽ തന്നെയാണ് ജോസ് കെ.മാണി.
അനുനയ ശ്രമത്തിനായി വിളിക്കുന്ന യുഡിഎഫ് നേതാക്കളോടെല്ലാം ഇതു തന്നെയാണ് ജോസ് കെ.മാണിഅടക്കമുള്ള നേതാക്കൾ പറയുന്നത്. സിപിഎമ്മിന്റെ ഉറപ്പ് ലഭിച്ചാൽ സിപിഐയുടെ എതിർപ്പ് കാര്യമാക്കേണ്ടെന്ന നിലപാട് തന്നെയാണ് ജോസ് പക്ഷത്തിനുള്ളത്.