കോട്ടയം: പാലാ നഗരസഭയിലെ സഖ്യകക്ഷികളായ കേരള കോണ്ഗ്രസ് എമ്മിന്റെയും സിപിഎമ്മിന്റെയും പ്രതിനിധികള് തമ്മിലുള്ള വാക്പോര് കൂടുതല് രൂക്ഷമായതോടെ ഇരു പാര്ട്ടികളുടെയും ജില്ലാനേതൃത്വം വിഷയത്തില് ഇടപെട്ടു.
കേരള കോണ്ഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യുവും സിപിഎം ജി്ല്ലാ സെക്രട്ടറി എ.വി. റസലും തമ്മില് വിഷയം ചര്ച്ച ചെയ്തു. ഇരു നേതാക്കളും അവരവരുടെ നേതാക്കളോട് പരസ്പരം പോരു കൂട്ടുന്ന പ്രസ്താവനകള് നിയന്ത്രിക്കണമെന്ന് കര്ശന നിര്ദേശവും നല്കി.
ഇന്നലെ വൈകിട്ട് നടന്ന കൗണ്സില് യോഗത്തില് സിപിഎമ്മിന്റെയും കേരള കോണ്ഗ്രസിന്റെയും അംഗങ്ങള് പാര്ട്ടി നേതൃത്വത്തിന്റെ നിര്ദേശമനുസരിച്ചാണ് പ്രവര്ത്തിച്ചത്.
അങ്കണവാടി വിഷയത്തില് പ്രതിപക്ഷത്തിനെതിരേ കേരള കോണ്ഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രതിനിധികള് ഒപ്പത്തിനൊപ്പംനിന്ന് പ്രതികരിച്ചു.
ലോപ്പസ് മാത്യു പാര്ട്ടി കൗണ്സിലര്മാരെ നേരിട്ടും ഫോണിലും ബന്ധപ്പെട്ട് പാര്ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയില് പ്രസ്താവനകള് നടത്തരുതെന്നും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.
സിപിഎം ആകട്ടെ പാലായില് നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചന് ജോര്ജിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ലാലിച്ചന് ജോര്ജും ലോപ്പസ് മാത്യുവും ഇന്നലെ ചര്ച്ച നടത്തി.
അങ്കണവാടി ഉള്പ്പെടെയുള്ള വിഷയങ്ങള് പാര്ട്ടി ഏറ്റെടുക്കുമെന്നും ഒരു വിവാദവും ഉണ്ടാകില്ലെന്നുമാണ് ലാലിച്ചന് ലോപ്പസ് മാത്യുവിനെ അറിയിച്ചിരിക്കുന്നത്.
സിപിഎം പ്രതിനിധിയായ നഗരസഭാധ്യക്ഷ ജോസിന് ബിനോ കഴിഞ്ഞ ദിവസം കേരള കോണ്ഗ്രസ് എമ്മിനെതിരേ രംഗത്തുവന്നതാണ് പ്രശ്നത്തിനു തടക്കം.