കൊച്ചി: സിഐടിയു സംസ്ഥാന നേതാവിനെ സിപിഎം ബ്രാഞ്ചിലേക്കു തരംതാഴ്ത്തി. ഹെഡ് ലോഡ് വര്‍ക്കേഴ്സ് സംസ്ഥാന നേതാവും സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയും തൃപ്പൂണിത്തുറ ഏരിയാ കമ്മറ്റിയംഗവുമായ എം.പി. സാജുവിനെയാണു ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്.
തിരുവാങ്കുളത്തെ ഹെഡ് ലോഡ് വര്‍ക്കറും യൂണിറ്റ് ട്രഷററുമായിരുന്ന എം.പി. സാജു യൂണിയന് ഫണ്ടില്‍നിന്നും എട്ട് ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന സഹപ്രവര്‍ത്തകനായ തിരുവാണിയൂര്‍ സ്വദേശി ടി.കെ. കൃഷ്ണന് നല്കിയ പരാതിയിലാണു നടപടി.
രണ്ടു വര്‍ഷം മുന്‍പ് നല്കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ 25ന് നടന്ന ജില്ലാ കമ്മറ്റിയിലാണു വന്നത്. എം.സി. സുരേന്ദ്രന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഏഴംഗ കമ്മീഷന്റെ അന്വേഷണവും തെളിവെടുപ്പും നീണ്ടു പോയതിനു ജില്ലാ കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനമാണുയര്‍ത്തിയത്.
കമ്മീഷന് റിപ്പോര്ട്ടിന്മേല് നടന്ന ചര്‍ച്ചയില്‍ ജില്ലാ കമ്മറ്റിയംഗങ്ങളായ 42 പേരില്‍ 40 പേരും സാജുവിന് എതിരായപ്പോള്‍ ബാക്കി രണ്ടുപേര്‍ മാത്രമാണു സാജുവിനെ പിന്തുണച്ചത്. 40 പേരും എം.പി. സാജുവിനെതിരേ നടപടി ആവശ്യപ്പെട്ടു.
കമ്മറ്റിയില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി വിജയരാഘവന് സാജുവിന്റെ പാര്‍ട്ടിയിലെ പ്രവര്‍ത്തന പാരമ്പര്യം കണക്കിലെടുത്തു പുറത്താക്കല്‍ ഒഴിവാക്കുകയായിരുന്നു. പകരമായി തെരഞ്ഞെടുത്ത അഞ്ച് ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്നും ഒഴിവാക്കി എം.പി. സാജുവിനെ ബ്രാഞ്ചിലേക്കു മാറ്റാന്‍ തീരുമാനിച്ചു.
തൃപ്പൂണിത്തുറയിലെ പീപ്പിള്‍സ് അര്‍ബന്‍ ബാങ്ക് ഭരണസമിതിയംഗം കൂടിയായിരുന്ന എം.പി. സാജുവിന് ഇനി തിരുവാങ്കുളം ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം സൗകര്യപ്രദമായ ബ്രാഞ്ചിലേക്കു മാറേണ്ടിവരും. സിഐടിയുവിന്റെ മേഖലയിലെ കരുത്തനായ നേതാവായിരുന്നു എം.പി. സാജു.