കൊല്ലം: ജില്ലയിൽ മറ്റൊരു വർക്ക്ഷോപ്പിലും കൊടികുത്തൽ. നിലമേലിലാണ് സിപിഎമ്മിന്റെ വകയായി കൊടി കുത്തിയിരിക്കുന്നത്. കടയ്ക്കൽ നിലമേലിന് സമീപം മുരുക്കുമണില്‍ വർക്ക്ഷോപ്പിനു മുന്നിലെ മണ്ണിലാണ് പാർട്ടിയുടെ ചെങ്കൊടി കുത്തൽ. വർഷങ്ങളായി ഇവിടെ നടത്തിവരുന്ന പാര്‍ഥിപന്റെ വര്‍ക്ഷോപ്പിന് മുന്നിലിലെ തറ നിരത്താനാണ് മണ്ണ് ഇറക്കിയിരിക്കുന്നത്.
ഈ മണ്ണിലാണ് സിപിഎം പ്രവര്‍ത്തകര്‍ കഴിഞ്ഞ രണ്ടുമാസമായി കൊടികുത്തിയിരിക്കുന്നത്. വർക്ക്ഷോപ്പിനു മുന്നിലെ തറ നിരപ്പാക്കുന്ന പ്രവർത്തനം തണ്ണീർത്തട നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി മണ്ണിലാണ് നിലമേല്‍ സിപിഎം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള പ്രവര്‍ത്തകര്‍ കൊടികുത്തിയത്. ഇതേ തുടർന്ന് തറ നികത്താനായി ഇറക്കിയ മണ്ണ് എന്തുചെയ്യുമെന്ന അവസ്ഥയിലാണ് പാർഥിപൻ.
ഇതിനെതിരെ പാര്ഥിപന് പോലിസിനും പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്കും പരാതി നല്കി നൽകിയിരുന്നു. എന്നാൽ നടപടികൾ ഉണ്ടായില്ലെന്ന് പാർഥിപൻ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് വാഹനവർക് ഷോപ്പ് നിർമ്മിക്കുന്ന സ്ഥലത്ത് എഐവൈഎഫ് പ്രവർത്തകർ കൊടികുത്തിയതിലും പണംചോദിച്ച് ഭീഷണിപ്പെടുത്തിയതിലും മനംനൊന്ത് പുനലൂർ സ്വദേശി സുഗതൻ ആത്മഹത്യ ചെയ്തത് .
ഇത് വൻ വിവാദമുണ്ടാക്കിയിരുന്നു.പുനലൂർ ഐക്കരകോണം വാഴമൺ സ്വദേശി സുഗതനെ ഫെബ്രുവരി 23നാണ് വർക്ക് ഷോപ്പുഷെഡിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഗതന്റെ മരണത്തിൽ എഐവൈഎഫിനെ പ്രതിക്കൂട്ടിലാക്കി കഴിഞ്ഞ ദിവസം നിയമസഭയിൽ സുഗതന്റെ മരണം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് മറുപടി നൽകേണ്ടിവന്നു.
എന്നാൽ നിലമേലിലെ കൊടികുത്തൽ സംബന്ധിച്ച് തങ്ങൾ ഇതുവരെയും അറിഞ്ഞിട്ടില്ലെന്നാണ് സിപിഎം ലോക്കൽ നേതൃത്വത്തിന്റെയും ജില്ലാ നേതൃത്വത്തിന്റെയും വിശദീകരണം.