മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ കിഴക്കൻ മേഖലയായ തോട്ടുമുക്കം മാടാമ്പി കിളിയാടി മലയിൽ നാട്ടുകാരുടെയും പാർട്ടി പ്രവർത്തകരുടെയും എതിർപ്പ് മറികടന്ന് വീണ്ടും ക്വാറിക്ക് പ്രവർത്തനാനുമതി നൽകാൻ നീക്കം. പഞ്ചായത്തിന്റേയും പാർട്ടിയുടെയും കനത്ത എതിർപ്പിനെ തുടർന്ന് വേണ്ടെന്നുവച്ച ക്വാറിക്കാണ് സിപിഎം ഏരിയ കമ്മിറ്റി ഇടപെട്ട് അനുമതി നൽകാൻ ശ്രമം നടക്കുന്നത്.
സിപിഎം തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ ഈ നിർദേശം കൊടിയത്തൂർ സിപിഎമ്മിൽ പുതിയ വിവാദത്തിനും തുടക്കമിട്ടു. അനുമതിയുള്ളതും ഇല്ലാത്തതുമായ നിരവധി ക്വാറികളും ക്രഷറുകളും എംസാന്റ് യൂനിറ്റുകളും പ്രവർത്തിക്കുന്ന തോട്ടുമുക്കം മേഖലയിലാണ് വർഷങ്ങൾക്കുമുന്പ് പ്രവർത്തനം നിലച്ച ക്വാറി വീണ്ടും പ്രവർത്തിപ്പിക്കാൻ ഉടമ പഞ്ചായത്തിൽ അപേക്ഷ നൽകിയത്. എന്നാൽ സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ടും ജനങ്ങളുടേയും പരിസ്ഥിതി പ്രവർത്തകരുടേയും എതിർപ്പിനെ തുടർന്നും കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി അപേക്ഷ തള്ളുകയായിരുന്നു.
തുടർന്ന് ചേർന്ന സിപിഎം പന്നിക്കോട് ലോക്കൽ കമ്മിറ്റിയും പഞ്ചായത്ത് നിലപാട് ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയോടെ ശരിവച്ചു. അന്ന് തന്നെ ഒരു എംഎൽഎയും മുൻ ലോക്കൽ സെക്രട്ടറിയും ക്വാറിക്ക് അനുമതി നൽകുന്നതിനായി കിണഞ്ഞ് പരിശ്രമിച്ചിരുന്നെങ്കിലും എതിർപ്പ് മൂലം ശ്രമം വിജയിച്ചില്ല.
ഇതോടെയാണ് ഉടമ ഉന്നത നേതൃത്വത്തെ സമീപിച്ചത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെടുകയും അനുമതി നൽകണമെന്ന് തിരുവമ്പാടി ഏരിയ കമ്മിറ്റിക്ക് നിർദേശം നൽകുകയായിരുന്നു എന്നാണ് വിവരം.
ഈ തീരുമാനം ബുധനാഴ്ച രാത്രി നടന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചങ്കിലും പിന്തുണ ലഭിച്ചില്ല. 12 പേരിൽ മൂന്നുപേർ മാത്രമാണ് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെയാണ് പിന്തുണയില്ലെങ്കിലും ഏരിയ കമ്മിറ്റി തീരുമാനം ഗ്രാമപഞ്ചായത്തിനെ അറിയിക്കാൻ തീരുമാനിച്ചത്.
അടുത്ത ഭരണസമിതി യോഗത്തിൽ ക്വാറിവിഷയം വീണ്ടും ചർച്ചയ്ക്ക് വരുമെന്നാണ് സൂചന. പഞ്ചായത്ത് പ്രസിഡന്റ് , നാലാം വാർഡ് മെമ്പർ അടക്കമുള്ളവർ ക്വാറി അനുവദിക്കുന്നതിൽ എതിർപ്പുള്ളവരാണങ്കിലും പാർട്ടി നിലപാടിനൊപ്പം നിൽക്കുമോ അതോ ജനങ്ങൾക്ക് ഒപ്പം നിൽക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
അതേസമയം ക്വാറിക്ക് അനുമതി നൽകുന്നതിനെതിരെ ഡിവൈഎഫ്ഐ ഉൾപ്പെടെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ പഞ്ചായത്തിലടക്കം പരാതിയും നൽകിയിരുന്നു. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് ക്വാറിക്ക് അനുമതി നൽകാനാണ് നീക്കമെങ്കിൽ പഞ്ചായത്തിൽ സിപിഎം പിളർപ്പിലേക്ക് നീങ്ങാനും സാധ്യത ഏറെയാണ്. പാർട്ടി വിടുമെന്ന നിലപാട് പലരും നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
അതിനിടെ പാർട്ടി ലോക്കൽ കമ്മറ്റിയിൽ നിന്ന് “സാലറി ചലഞ്ച്’ ന്റെ പേരിൽ തരംതാഴ്ത്തിയ നേതാവിനെതിരെയുള്ള നടപടിയും ക്വാറിക്കെതിരെ നിലപാടെടുത്തതിനെ തുടർന്നാണെന്നാണ് പുറത്തുവരുന്ന വിവരം. ക്വാറിക്ക് അനുമതി നൽകുന്നതിന് ഏറ്റവുമധികം എതിർത്തത് ഈ നേതാവായിരുന്നു. സാലറി ചലഞ്ച് വിഷയത്തിൽ പാർട്ടിയുമായി സഹകരിക്കാനും ഇയാൾ തയാറായ സമയത്താണ് തരം താഴ്ത്തിയതെന്നും ശ്രദ്ധേയമാണ്.
സാമ്പത്തിക പ്രയാസമനുഭവിക്കുന്ന സമയത്താണെങ്കിലും തനിക്ക് കഴിയുന്ന സംഭാവന നൽകാമെന്നും ഇയാൾ രേഖാമൂലം പാർട്ടിയെ അറിയിച്ചിരുന്നു. പക്ഷെ അടുത്ത ലോക്കൽ കമ്മിറ്റിയിലെ എതിർപ്പ് മുൻകൂട്ടി കണ്ട് പാർട്ടി നടപടി സ്വീകരിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. കൊടിയത്തൂർ പഞ്ചായത്തിൽ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള പന്നിക്കോട്, തോട്ടുമുക്കം മേഖലകളിൽ ക്വാറിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിഷയം പാർട്ടിയെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്.