മട്ടന്നൂർ: സിപിഎം കൊലയാളി നേതാക്കളുടെ പാർട്ടിയായി മാറിയെന്നും ഇത്തരമൊരു പാർട്ടിക്ക് നവോത്ഥാനത്തെക്കുറിച്ചു പറയാൻ അർഹതയില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശുഹൈബ് അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഷുക്കൂർ വധക്കേസിൽ സിബിഐ കൊലക്കുറ്റം ചുമത്തിയ പി.ജയരാജനെയും ടി.വി.രാജേഷ് എംഎൽഎയെയും പാർട്ടിയിൽനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി തയാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. ബംഗാളിൽ മമതാ ബാനർജിക്കെതിരേ സിബിഐയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ നീക്കം നടത്തിയപ്പോൾ എല്ലാ പ്രതിപക്ഷകക്ഷികളും മമതയെ പിന്തുണച്ചു.
എന്നാൽ അപ്പോൾ സിബിഐയുടെ പക്ഷത്തായിരുന്ന സിപിഎം പി.ജയരാജൻ പ്രതിയായപ്പോൾ സിബിഐയെ എതിർക്കുകയാണ്. ഷുക്കൂർ വധം സഭയിൽ ഉന്നയിക്കാൻപോലും പ്രതിപക്ഷത്തെ അനുവദിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.പൊതുസമ്മേളനത്തിനു മുന്നോടിയായി യുവജനറാലി നടന്നു. വിമാനത്താവള ജംഗ്ഷനായ വായാന്തോടുനിന്ന് ആരംഭിച്ച് റാലി നഗരം ചുറ്റി ബസ്സ്റ്റാൻഡ് പരിസരത്തെ സമ്മേളനനഗരിയിൽ സമാപിച്ചു.
യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. എംഎൽഎമാരായ സണ്ണി ജോസഫ്, റോജി എം.ജോൺ, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, നേതാക്കളായ ഡീൻ കുര്യാക്കോസ്, ശ്രാവൺ റാവു, ജെബി മേത്തർ, ജോഷി കണ്ടത്തിൽ, കെ.സുരേന്ദ്രൻ, ഒ.കെ.പ്രസാദ്, വി.എ.നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരവിജയികൾക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ നടന്നു.