ചാത്തന്നൂർ: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാനനേതാക്കൾക്കെതിരേ രൂക്ഷവിമർശനം തുടർന്നു പ്രതിനിധികൾ. വിവരക്കേട് പറയുന്ന നേതാക്കളെ വിരമിക്കൽ പ്രായം നോക്കാതെ ഒഴിവാക്കണമെന്നു പ്രതിനിധികൾ ആവശ്യമുയർത്തി. ഇ.പി. ജയരാജനെ ഉന്നംവച്ച്, നേതാക്കൾ ആത്മകഥ എഴുതരുതെന്ന പരിഹാസവുമുണ്ടായി.
സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ആദ്യ ജില്ലാ സമ്മേളനമാണു കൊല്ലത്ത് നടക്കുന്നത്. സമ്മേളനം ഇന്നു സമാപിക്കും. കൊല്ലത്തുതന്നെയാണു സംസ്ഥാന സമ്മേളനം.ബിജെപിയോട് കലഹിച്ചുനിന്ന സന്ദീപ് വാര്യരെ സിപിഎമ്മിലെത്തിക്കാൻ ശ്രമിച്ചതിനു കേന്ദ്ര കമ്മിറ്റിയംഗമായ എ.കെ. ബാലനെതിരേ സമ്മേളനത്തിൽ രൂക്ഷമായ വിമർശനമുയർന്നു. സന്ദീപ് കോൺഗ്രസിൽ ചേർന്നപ്പോൾ വർഗീയ പരസ്യം നൽകിയത് എന്തിനെന്നും ചോദ്യമുയർന്നു.
സന്ദീപ് വാര്യരെ സിപി എമ്മിലേക്ക് ആദ്യം സ്വാഗതം ചെയ്തതും വിശുദ്ധനാക്കാൻ ശ്രമിച്ചതും എ.കെ. ബാലനാണ്. സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നപ്പോൾ ഏറ്റവുമധികം വിമർശിച്ചതും എ.കെ. ബാലൻതന്നെ. അദ്ദേഹം മൈക്കിന് മുന്നിലെത്തുമ്പോഴെല്ലാം അത് പാർട്ടിക്കു പ്രശ്നങ്ങളായി മാറാറുണ്ടെന്നും പ്രതിനിധികൾ വിമർശിച്ചു. ഇ.പി. ജയരാജൻ ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ ഉണ്ടാക്കുന്നുവെന്നും ജയരാജനെ നിലയ്ക്കു നിർത്തണമെന്നും ആവശ്യമുയർന്നു.
സംസ്ഥാന സര്‍ക്കാരിനെതിരേയും രൂക്ഷവിമര്‍ശനം ഉയർന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ പരാജയമാണ്. പറഞ്ഞ വാഗ്ദാനങ്ങള്‍ പലതും പാലിച്ചില്ല. കേന്ദ്രത്തിന്റെ സഹായം കിട്ടുന്നില്ലെന്ന പല്ലവി നിര്‍ത്തണം. മുൻ പരിചയമുള്ളവരെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയത് തിരിച്ചടിയായി. പുതുമുഖങ്ങളെ മാത്രം ഉൾപ്പെടുത്തിയ മന്ത്രിസഭ ഗുണം ചെയ്തില്ല. സർക്കാരിന്റെ പ്രതിച്ഛായ തകരാൻ ഇത് കാരണമായി. അഞ്ചാലുംമൂട്ടിൽനിന്നുള്ള പ്രതിനിധികളാണ് ഈ വിമർശനം ഉന്നയിച്ചത്.
ആഭ്യന്തര വകുപ്പിനുനേരെയും വിമർശനം ഉയർന്നു. കിളികൊല്ലൂർ മർദനക്കേസ് ചൂണ്ടിക്കാട്ടിയ പ്രതിനിധികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ വിഷയങ്ങൾ ഉണ്ടാകുന്നുവെന്നു കുറ്റപ്പെടുത്തി. പോലീസിലെ ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ ആഭ്യന്തരവകുപ്പിന് ആകുന്നില്ല.
മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരേയും പി.പി ദിവ്യക്കെതിരേയും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. മുഹമ്മദ് റിയാസ് മന്ത്രിയെന്ന നിലയില്‍ ഒന്നും ചെയ്യുന്നില്ല. ആകെ ചെയ്യുന്നത് പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്. ഇത് പാര്‍ട്ടിക്ക് ഒരു ഗുണവും ചെയ്യുന്നില്ല. കണ്ണൂരില്‍ നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. പി.പി ദിവ്യ അത്തരം കാര്യങ്ങള്‍ ചെയ്യരുതായിരുന്നു.
മന്ത്രി കെ.എന്‍. ബാലഗോപാലിനെതിരേ സ്വന്തം ഏരിയാ കമ്മിറ്റി പ്രതിനിധികളാണ് കുറ്റപ്പെടുത്തലുകളുമായെത്തിയത്.
മന്ത്രിയെന്ന നിലയില്‍ തികഞ്ഞ പരാജയമാണ് ബാലഗോപാല്‍. സ്വന്തം മണ്ഡലത്തിന് വേണ്ടി മന്ത്രിയായിട്ടുപോലും ഒന്നും ചെയ്യുന്നില്ലെന്നും പ്രതിനിധികള്‍ ആക്ഷേപം ഉന്നയിച്ചു. ബാലഗോപാലിനെ സദസിലിരുത്തിയായിരുന്നു പ്രതിനിധികള്‍ കുറ്റപ്പെടുത്തിയത്. പാര്‍ട്ടി സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന് ചില കാര്യങ്ങൾ തിരുത്തണമെന്നും പ്രതിനിധികൾ പറഞ്ഞു.
മുസ് ലിം ലീഗ് യുഡിഎഫുമായി പിണങ്ങുമ്പോൾ അവർ മതേതരവാദികളും യുഡിഎഫിൽ ഉറച്ചുനില്‍ക്കുമ്പോൾ വർഗീയവാദികളും ആകുന്ന നിലപാട് ഇരട്ടത്താപ്പാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ജില്ലാ-സംസ്ഥാന നേതാക്കൾ പ്രവർത്തകർക്ക് അപ്രാപ്യരായി മാറി. ഒരു സാധാരണ പാർട്ടി പ്രവർത്തകന്റെ ജീവിതാവസ്ഥ പോലും തിരക്കാറില്ല. പ്രവർത്തകന്റെ വീട്ടിലെ ദയനീയാവസ്ഥ അറിയാൻ ശ്രമിക്കാറില്ല. ഇന്നലത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത മിക്ക ഏരിയാ കമ്മിറ്റി പ്രതിനിധികളും ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു.
സ്കൂൾ സഹകരണ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള നിയമനങ്ങളിൽ കുറ്റപ്പെടുത്തലുണ്ടായി. കരുനാഗപ്പള്ളിയിലെ സംഭവങ്ങള്‍ മൂര്ഛിപ്പിക്കുന്നതില് ജില്ലാ നേതൃത്വത്തിനും മുഖ്യപങ്ക് ഉണ്ട്. കുലശേഖരപുരത്ത് രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിടുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ നടന്നതിന് പിന്നില്‍ ജില്ലയിലെ ചില നേതാക്കളുടെ പിന്തുണയുണ്ട്.
പാര്‍ട്ടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയവരെ ഉള്‍പ്പെടെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. റിപ്പോര്‍ട്ടില്‍ കരുനാഗപ്പള്ളിയെ കുറ്റപ്പെടുത്തിയത് കൊണ്ടുമാത്രം പറഞ്ഞാല്‍ പറ്റില്ലെന്നും കടുത്ത നടപടി ഇവര്‍ക്കെതിരേ സ്വീകരിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി വിഭാഗിയമായി പ്രവർത്തിക്കുന്നു എന്നും വിമർശനം ഉയർന്നു.
ജില്ലാ സമ്മേളനങ്ങളിൽ ജില്ലാ സംസ്ഥാന കമ്മിറ്റികൾക്കും നേതാക്കൾക്കുമെതിരേ രൂക്ഷവിമർശനം ഉന്നയിക്കാറുള്ള ചാത്തന്നൂർ ഏരിയാ കമ്മിറ്റി ഈ ജില്ലാ സമ്മേളനത്തിൽ മൃദുസമീപനം സ്വീകരിച്ചത് വിചിത്രാനുഭവമായി. ജില്ലയിലെ മറ്റ് 17 ഏരിയാ കമ്മിറ്റികളും നേതൃത്വത്തിനും സംസ്ഥാന ഭരണത്തിനുമെതിരേ രൂക്ഷമായി വിമർശനം ഉയർത്തിയപ്പോൾ ഇതിൽനിന്നു വേറിട്ട ശൈലിയാണ് ചാത്തന്നൂർ ഏരിയാ കമ്മിറ്റി ഇത്തവണ സ്വീകരിച്ചത്.
പ്രദീപ് ചാത്തന്നൂർ