കോട്ടാങ്ങല്‍: ഗ്രാമപഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയോടെ സിപിഎം പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേറ്റെങ്കിലും ഇരുവരോടും രാജിവയ്ക്കാന്‍ നിര്‍ദേശിച്ചതായി സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു.
ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ ഡിസംബറിലും ഫെബ്രുവരിയിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു തെരഞ്ഞെടുപ്പു നടന്നപ്പോഴും എസ്ഡിപിഐ സിപിഎമ്മിനെ പിന്തുണച്ചിരുന്നു.
അന്ന് അധികാരമേല്‍ക്കാതെ പാര്‍ട്ടി അംഗങ്ങള്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും ഇന്നലെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റെടുക്കുകയായിരുന്നു.
സിപിഎമ്മിലെ ബിനു ജോസഫ് പ്രസിഡന്റായും എം.എ. ജമീല ബീവി വൈസ് പ്രസിഡന്റായുമായാണ് തെരഞ്ഞെടുക്കപ്പെട്ടത്്. 13 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ എല്‍ഡിഎഫ് – അഞ്ച്്, ബിജെപി – അഞ്ച്, യുഡിഎഫ് – രണ്ട് എസ്ഡിപിഐ – ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
പ്രസിഡന്റ് സ്ഥാനത്തേക്കു തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സിപിഎമ്മിലെ ബിനു ജോസഫിന് ആറു വോട്ടുകളും ബിജെപിയിലെ ദീപ്തി ദാമോദരന്‍ അഞ്ച് വോട്ടുകളും ലഭിച്ചു, ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എം.എ ജമീല ബീവിക്ക് ആറ് വോട്ടുകളും ബിജെപിയിലെ സി. ആര്. വിജയമ്മയ്ക്ക് അഞ്ച് വോട്ടുകളും ലഭിച്ചു.
രണ്ട് അംഗങ്ങളുള്ള യുഡിഎഫ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. എസ്ഡിപിഐ പിന്തുണ വിവാദമായതോടെ സ്ഥാനം ഒഴിയാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞത്. ഇതിലെ സാങ്കേതിക വിഷയങ്ങളും ഭരണസ്തംഭനം ഒഴിവാക്കലും പരിഗണിച്ചായിരിക്കും തുടര്‍ നടപടി.
സ്ഥാനം ഏറ്റെടുത്തത് ബിജെപി അധികാരത്തില്‍ വരുന്നത് തടയാനെന്ന്
കോട്ടാങ്ങല്‍: കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ എസ്്ഡിപിഐയുമായി ഒരു ധാരണയുമില്ലെന്ന് എല്‍ഡിഎഫ് കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മറ്റി അറിയിച്ചു.
മുമ്പു രണ്ടുതവണ എസ്ഡിപിഐ വോട്ടുചെയ്തപ്പോള്‍ സിപിഎം അംഗങ്ങള്‍ രാജിവച്ചിരുന്നു. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന നിലപാടാണ് എല്‍ഡിഎഫിന് എന്നുമുള്ളതെന്ന് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടി.
അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നു: യുഡിഎഫ്
കോട്ടാങ്ങല്‍: ഗ്രാമപഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയോടെ സിപിഎം പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേറ്റതോടെ അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നതായി യുഡിഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എസ്ഡിപിഐയുടെ സഹായത്തോടെ അധികാരമേറ്റെടുക്കാന്‍ എല്‍ഡിഎഫും സിപിഎമ്മും തയാറാകുകയും ചെയ്തുവെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി.
മണ്ഡലം ചെയര്മാന് ഒ.എന്‍. സോമശേഖരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സക്കീര്‍ ഹുസൈന്, ഡിസിസി ജനറല്‍ സെക്രട്ടറി സതീഷ് ബാബു, ജോസഫ് ജോണ്‍, എ.ജി. സദാനന്ദന്, ബാബു മരുതേന്‍കുന്നേല്‍, ജോസി ഇലഞ്ഞിപ്പുറം, എം.കെ.എം. ഹനീഫ, അസീസ്, ജയിംസ്, സുരേഷ് കുമാര്‍, ജോണ്സണ്, സുലൈമാന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജനങ്ങളെ കബളിപ്പിക്കാന്‍ സിപിഎംശ്രമിച്ചതായി ഡിസിസി
പത്തനംതിട്ട: കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയില്‍ തെരഞ്ഞെടുക്കപ്പെട്ട സിപിഎം പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേറ്റതോടെ വര്‍ഗീയ ശക്തികളുമായുള്ള എല്‍ഡിഎഫ് ബന്ധം മറനീക്കി പുറത്തുവന്നതായി ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്.
കഴിഞ്ഞ ഡിസംബര്‍ 30നും പിന്നീട് ഫെബ്രുവരി 15നും എസ്ഡിപിഐ പിന്തുണ ലഭിച്ചുവെന്ന പേരില്‍ തങ്ങള്‍ സ്ഥാനം ഉപേക്ഷിക്കുന്നുവെന്ന് വീമ്പിളക്കി രാജിവച്ചവരാണ് ഇന്നലെ വീണ്ടും കോട്ടാങ്ങലില്‍ അതേ സാഹചര്യത്തില്‍ അധികാരമേറ്റത്.