കോട്ടയം: ജില്ലയിലെ സിപിഎമ്മിന്റെ ഏക എംഎൽഎ സുരേഷ്കുറുപ്പിനെ ഏറ്റുമാനൂരിൽനിന്ന് കോട്ടയത്തേക്ക് മാറ്റിയേക്കുമെന്ന് സൂചന. ഏറ്റുമാനൂരിൽ ജില്ലാ സെക്രട്ടറി വി.എൻ. വാസവന്റെ പേര് പാർട്ടിയിൽ സജീവമാണ്.
രണ്ടു തവണ ഏറ്റുമാനൂരിൽ വിജയിച്ച സുരേഷ്കുറുപ്പിന് ഒരു ടേം കൂടി നൽകണമെന്ന അഭിപ്രായവും സിപിഎമ്മിലുണ്ട്. സുരേഷ് കുറുപ്പ് കോട്ടയത്തു മത്സരിച്ചാൽ കോട്ടയം സീറ്റ് പിടിച്ചെടുക്കാമെന്നാണ് സിപിഎം കണക്കുകൂട്ടൽ.
എന്നാൽ മണ്ഡലം മാറി മത്സരിക്കുന്നതിനോട് സുരേഷ്കുറുപ്പ് അനുകൂല നിലപാട് സ്വീകരിക്കാൻ സാധ്യത കുറവാണ്. ഇക്കാര്യത്തിൽ പാർട്ടിയുടെ തീരുമാനമായിരിക്കും അന്തിമം.
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ നേരിടാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം കെ.എം. രാധാകൃഷ്ണന്റെ പേരാണ് സജീവ പരിഗണനയിൽ. ജില്ലാ പഞ്ചായത്തിൽ മത്സരിച്ചു പരാജയപ്പെട്ടെന്ന വാദം ഉയർത്തുന്നുണ്ടെങ്കിലും ജാതിസമവാക്യങ്ങൾ രാധാകൃഷ്ണനെ പിന്തുണയ്ക്കുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ.
കഴിഞ്ഞ തവണ മത്സരിച്ച ജയ്ക് സി. തോമസ്, പരിവർത്തിത ക്രൈസ്തവ കോർപറേഷൻ ചെയർമാൻ പി.ജെ. വർഗീസ് എന്നിവരെയും പരിഗണിക്കുന്നുണ്ട്. അവസാന നിമിഷം പൊതു സ്വതന്ത്രനേയും നേതൃത്വം ഇറക്കിയേക്കാം.