കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ തോൽവി പരിശോധിക്കാൻ സിപിഎം അന്വേഷണ കമ്മീഷനെ ജില്ലാ കമ്മറ്റി തീരുമാനിക്കും. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പരാജയം പരിശോധിക്കാൻ തീരുമാനിച്ചിരുന്നു.
തുടർന്നു ചേർന്ന സംസ്ഥാന കമ്മറ്റി യോഗം പരാജയം അന്വേഷിക്കാൻ ജില്ലാ കമ്മറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. പാലായിൽ പാർട്ടി വോട്ടുകൾ വ്യാപകമായി ചോർന്നെന്നാണു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മറ്റി യോഗങ്ങൾ വിലയിരുത്തിയത്.
ജില്ലാ കമ്മറ്റി യോഗത്തിനു മുന്നോടിയായി വെള്ളിയാഴ്ച ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. കേന്ദ്ര കമ്മറ്റിയംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ കെ.ജെ. തോമസ്, എം.എം.മണി എന്നിവർ യോഗത്തിൽ പങ്കെടുക്കും. ശനിയാഴ്ചയോ, ഞായറാഴ്ചയോ ചേരുന്ന ജില്ലാ കമ്മറ്റിയോഗം പാലായിലെ പരാജയം വിശദമായി ചർച്ച ചെയ്യും.
എ.വിജയരാഘവൻ എത്തും
സംസ്ഥാന ആക്്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ ജില്ലാ കമ്മറ്റി യോഗത്തിനെത്തുമെന്നാണ് സൂചന. ജില്ലാ കമ്മറ്റിയോഗം അന്വേഷണ കമ്മീഷനെ തീരുമാനിച്ചേക്കും. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി.കെ. ഹരികുമാർ, ടി.ആർ.രഘുനാഥൻ എന്നിവർ അംഗങ്ങളായ കമ്മീഷനായിരിക്കും രൂപീകരിക്കുന്നത്.
തോൽവിയുടെ പേരിൽ സിപിഎം പാലാ നിയോജകമണ്ഡലം ഇലക്്ഷൻ കമ്മറ്റി പ്രതിക്കൂട്ടിലാണ്. ഇലക്ഷൻ കമ്മറ്റി സെക്രട്ടറി ലാലിച്ചൻ ജോർജ്, പാലാ ഏരിയ സെക്രട്ടറി പി.എം. ജോസഫ്, പാലാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ കീഴിലുളള പഞ്ചായത്തുകളുടെ ചുമതലയുള്ള കുര്യാക്കോസ് ജോസഫ്, പാലാ ഏരിയയിൽ നിന്നു വിവിധ പഞ്ചായത്തുകളുടെ ചുമതലയുണ്ടായിരുന്ന ഏരിയാ കമ്മിറ്റിയംഗങ്ങൾ എന്നിവർ വോട്ടുചോർച്ചയിൽ പ്രതിക്കൂട്ടിലാണ്.
സിപിഎം വോട്ടുകൾ ചോർന്നില്ലെന്നും കേരള കോണ്ഗ്രസ് വോട്ടുകളാണ് ചോർന്നതെന്നുമാണ് പാലായിലെ സിപിഎം നേതാക്കൾ ജില്ലാ കമ്മറ്റിക്കു റിപ്പോർട്ട് നൽകിയത്. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ എൽഡിഎഫിന് വോട്ടു ചോർച്ചയുണ്ടായില്ലെന്നാണ് പ്രാദേശിക നേതാക്കൾ നൽകിയിരിക്കുന്ന കണക്ക്.
വോട്ടു ചോർന്നില്ലെങ്കിൽ എങ്ങനെ പാലായിൽ തോറ്റെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചോദിച്ചത്.യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പനുമായി പാലായിലെ സിപിഎമ്മിന്റെ ലോക്കൽ ഏരിയ നേതാക്കൾ നല്ല ബന്ധം പുലർത്തിയിരുന്നതായും ആ ബന്ധം തെരഞ്ഞെടുപ്പ് സമയത്തും പ്രകടിപ്പിച്ചെന്നും വ്യാപക പരാതിയുണ്ട്.
എൽഡിഎഫിന് അനൂകുല സാഹചര്യമുണ്ടായിരുന്ന കടനാട്, മൂന്നിലവ്, മേലുകാവ്, കരൂർ, എലിക്കുളം, മീനച്ചിൽ, കൊഴുവനാൽ എന്നിവിടങ്ങളിലെ വോട്ടുചോർച്ചയേക്കുറിച്ച് പ്രാദേശിക നേതൃത്വം മൗനം പാലിക്കുകയാണ്.
മാണി സി.കാപ്പനോട് ഇഷ്ടം കാട്ടി
പല സിപിഎം അംഗങ്ങളും പരസ്യമായി മാണി സി. കാപ്പന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇത് കണ്ടെത്തുന്നതിനും ആവശ്യമായ തിരുത്തലുകൾ നടത്തുന്നതിനും ഏരിയാകമ്മറ്റിക്കും മണ്ഡലം കമ്മറ്റിക്കും കഴിഞ്ഞില്ലെന്നും പരാതിയുണ്ട്.
കൂടാതെ യുഡിഎഫ് നേതാക്കൾ ഉയർത്തിയ അപവാദങ്ങളെ പ്രതിരോധിക്കാനായില്ല. ജോസ് കെ. മാണിക്കും എൽഡിഎഫിനുമെതിരെ വ്യക്തിഹത്യ നടന്നു. ഇത് താഴെ തട്ടിൽവരെ വലിയ രീതിയിൽ യുഡിഎഫിന് അനൂകൂലമായി. ഇതു മനസിലാക്കാൻ സിപിഎം നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന റിപ്പോർട്ടാണ് സിപിഎം പാലാ ഏരിയാ കമ്മറ്റി റിപ്പോർട്ട് നൽകിയതെന്നും വിമർശനമുണ്ട്.
കോട്ടയവും കടുത്തുരുത്തിയും
പാലായ്ക്കുപുറമേ ജില്ലയിലെ കോട്ടയം, കടുത്തുരുത്തി മണ്ഡലങ്ങളിലെ തോൽവി സംബന്ധിച്ചും ജില്ലാ കമ്മിറ്റി യോഗത്തിൽ വിശദമായ ചർച്ചയുണ്ടാകും. കടുത്തുരുത്തിയിൽ ആത്മാർഥവും ജാഗ്രതയോടുകൂടിയുമുള്ള പ്രവർത്തനം നടന്നിരുന്നെങ്കിൽ വിജയിക്കാമായിരുന്നുവെന്നാണ് സംസ്ഥാന നേതൃയോഗത്തിന്റെ വിലയിരുത്തൽ.
ഇവിടെ ജില്ലാ സെക്രട്ടറിയേറ്റംഗവും മണ്ഡലത്തിന്റെ ചുമതലുണ്ടായിരുന്ന സി.ജെ.ജോസഫിനെതിരെയാണ് ആരോപണം.
കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വ്യക്തി പ്രഭാവം ഗുണം ചെയ്തെങ്കിലും സിപിഎം ഘടകങ്ങൾ വേണ്ടത്ര ഉണർന്നു പ്രവർത്തിച്ചില്ലെന്നു വിലയിരുത്തലുണ്ടായി.
തിരുവഞ്ചൂർരാധാകൃഷ്ണന്റെ കൈയിൽ നിന്നും ആച്ചാരം വാങ്ങിച്ചോ എന്നുവരെ മുതിർന്ന ഒരു നേതാവ് ജില്ലാ കമ്മറ്റി യോഗത്തിൽ പൊട്ടിത്തെറിച്ചു. എന്നാൽ സ്ഥാനാർഥിയും ജില്ലാ കമ്മറ്റിയംഗവുമായ കെ.അനിൽകുമാർ പാർട്ടി ഘടകങ്ങൾ വേണ്ട രീതിയിൽ പ്രവർത്തിച്ചെന്നാണ് യോഗത്തിൽ പറഞ്ഞത്.
കഴിഞ്ഞ തവണത്തേക്കാളും 6000 വോട്ടുകൾ അധികമായി ലഭിച്ചുവെന്നാണ് എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തൽ. കോട്ടയം ഏരിയയിലെ പ്രാദേശിക നേതാക്കളും ഒരു ജില്ലാ കമ്മിറ്റിയംഗവും ഇവിടെ പ്രതിക്കൂട്ടിലാണ്.