കോട്ടയം: സിപിഐക്ക് സീറ്റു കുറയുമെന്നും മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നുമുള്ള ഭയം കൊണ്ടാണ് കേരളാ കോണ്ഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ മുന്നണി പ്രവേശനത്തെ എതിർക്കുന്നതും സിപിഎമ്മിനെതിരേ പ്രസ്താവന നടത്തുന്നതുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഒരിക്കലും അങ്ങനെയുണ്ടാകില്ലെന്നും എല്ലാ പാർട്ടികളെയും വിശ്വാസത്തിലെടുത്തായിരിക്കും എൽഡിഎഫ് ജനകീയ അടിത്തറ വിപുലീകരിക്കുന്നതെന്നും കോടിയേരി പ്രതിനിധികൾക്ക് മറുപടി പ്രസംഗത്തിൽ പറഞ്ഞു. കേരള കോണ്ഗ്രസ് എമ്മിനെ എൽഡിഎഫിൽ എടുക്കുന്നത് അടഞ്ഞ അധ്യായമല്ലെന്നും അദേഹം വ്യക്തമാക്കി.
സിപിഎം കോട്ടയം ജില്ല സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയക്കു മറുപടി പറയവേയാണ് കോടിയേരി ഇക്കാര്യം അറിയിച്ചത്. എൽഡിഎഫിലെ ഒരു കക്ഷിയെയും ഒഴിവാക്കിയല്ല പുതിയ പാർട്ടികളെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതെന്നും കോടിയേരി പറഞ്ഞു. കടുത്തുരുത്തിയിൽ സ്കറിയ തോമസിനു സീറ്റു നൽകിയത് മുന്നണി ഘടകക്ഷിയെന്ന നിലയിലാണ്. അല്ലാതെ കെട്ടിയിറക്കിയ സ്ഥാനാർഥിയല്ല.
പുതുപ്പള്ളിയിൽ ജെയ്ക് സി. തോമസിനെ സ്ഥാനാർഥിയാക്കിയത് സംസ്ഥാന നേതൃത്വം ചർച്ച ചെയ്തു തീരുമാനിച്ചാണ്. കോട്ടയം ലോക്സഭ മണ്ഡലത്തിൽ സുരേഷ്കുറുപ്പ് വിദ്യാർഥി നേതാവായിരുന്നപ്പോഴാണ് സ്ഥാനാർഥിയായതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സ്ക്റിയ തോമസിന്റെ സ്ഥാനാർഥിത്വത്തെ വിമർശിച്ച് കടുത്തുരുത്തിയിൽ സ്കറിയ തോമസിനെ സ്ഥാനാർഥിയാക്കിയതിനെതിരെ രൂക്ഷ വിമർശനമയുർന്നിരുന്നു.
ജെയ്ക് സി. തോമസിന്റെ സ്ഥാനാർഥിത്വത്തെയും ചില ഏരിയായിൽ നിന്നുള്ള പ്രതിനിധികൾ വിമർശിച്ചു. പൂഞ്ഞാർ, പുതുപ്പള്ളി ഏരിയാ കമ്മിറ്റികളിലെ വിഭാഗിയത ഉടൻ അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം കർശന നടപടിയുണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പു നൽകി. പുതുപള്ളി ഏരിയായിലെ വിഭാഗിയ പ്രവർത്തനത്തിനു ജില്ലാ കമ്മിറ്റിയംഗം കെ.സി. ജോസഫാണു നേതൃത്വം നൽകുന്നതെന്നും പ്രതിനിധികൾ ചർച്ചയിൽ പറഞ്ഞു. പൂഞ്ഞാറിൽ വിഭാഗിയതയുണ്ടെന്നും അതു പരിഹരിക്കുമെന്നുമാണ് അവിടെ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പറഞ്ഞത്. 12 ഏരിയാകളിൽ നിന്നായി 36 പേർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി വി.എൻ. വാസവനും മറുപടി നൽകി.
കോട്ടയം ഇന്നു ചുവപ്പണിയും
കോട്ടയം: നൂറുകണക്കിനു ചുവപ്പുസേനാംഗങ്ങൾ പങ്കെടുക്കുന്ന മാർച്ചോടെയും ആയിരങ്ങൾ പങ്കെടുക്കുന്ന റാലിയോടെയും സിപിഎം ജില്ലാസമ്മേളനത്തിനു ഇന്നു സമാപനം. ചുവപ്പുസേനാ മാർച്ച് ഉച്ചകഴിഞ്ഞ് മൂന്നിനു പോലീസ് പരേഡ് ഗ്രൗണ്ട് പരിസരത്തു നിന്നും ബഹുജനറാലി നാലിനു നാഗന്പടം പോപ്പ് മൈതാനത്തു നിന്നും ആരംഭിക്കും. തുടർന്നു തിരുനക്കര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര കമ്മിറ്റിയംഗങ്ങളായ വൈക്കം വിശ്വൻ, മന്ത്രി ഡോ. ടി. എം. തോമസ് ഐസക്, പി. കെ. ശ്രീമതി, എം. സി. ജോസഫൈൻ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, ബേബി ജോണ്, കെ. ജെ. തോമസ്, മന്ത്രി എം. എം. മണി എന്നിവർ പങ്കെടുക്കും. തുടർന്നു ഗാനമേളയും അരങ്ങേറും.