കോട്ടയം: പാലാ, കടുത്തുരുത്തി തോൽവികൾ പുനർചിന്തനം നടത്തണമെന്നു മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധികൾ സമ്മേളനത്തിലെ ചർച്ചയിൽ ആവശ്യമുയർത്തി. പാലാ, കടുത്തുരുത്തി ഒഴിച്ചുള്ള മറ്റ് ഏരിയകളിൽ നിന്നുള്ള പ്രതിനിധികളാണ് ഈ ആവശ്യം ഉന്നയിച്ചത്.
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ തോൽവിയുണ്ടായ പ്രധാന മണ്ഡലങ്ങളിലെല്ലാം സിപിഎം അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. ആ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോൽവിയുടെ യഥാർഥ കാരണം കണ്ടെത്തുകയും നേതാക്കൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ പാലായിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതല്ലാതെ ഒരു നടപടിയുമുണ്ടായില്ല. അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണ്. പാലായിലും കടുത്തുരുത്തിയിലും മണ്ഡലം കമ്മിറ്റികൾക്ക് ജാഗ്രത കുറവുണ്ടായി എന്നു മത്രമേ റിപ്പോർട്ടിൽ പരാമർശമുള്ളു.
ഇത് അപൂർണ റിപ്പോർട്ടായതിനാൽ വീണ്ടും അന്വേഷണം നടത്തി യാഥാർഥ കാരണം കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് പ്രതിനിധികൾ ആവശ്യപ്പെട്ടത്. പ്രതിനിധികളുടെ ചർച്ചയ്ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയും കേന്ദ്രകമ്മിറ്റിയംഗം എ. വിജയരാഘവനും ജില്ലാ സെക്രട്ടറി എ.വി. റസലും മറുപടി നൽകും.
തല്ലിയും തലോടിയും
കേരള കോണ്ഗ്രസ് എമ്മിനെ പ്രശംസിച്ചും സിപിഐയെ വിമർശിച്ചും സിപിഎം പ്രവർത്തന റിപ്പോർട്ട്. കേരള കോണ്ഗ്രസ് എമ്മിന്റെ ഇടതുമുന്നണിയിലേക്കുള്ള വരവ് ജില്ലയിൽ സിപിഎമ്മിനും ഇടതുമുന്നണിക്കും വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ജില്ലാ സെക്രട്ടറി എ.വി.റസൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് മാണി ഗ്രൂപ്പിനെ പുകഴ്ത്തുന്പോൾ സിപിഐ യെ വിമർശിക്കുന്നുമുണ്ട്.
കേരള കോണ്ഗ്രസ് എം മുന്നണിയിലേക്ക് വന്നപ്പോൾ സിപിഐ തത്ത്വത്തിൽ യോജിച്ചെങ്കിലും പല സ്ഥലത്തും മുന്നണി ബന്ധത്തിനു യോജിച്ച തരത്തിലായിരുന്നില്ല പെരുമാറിയതെന്നും സീറ്റു വിഭജനത്തിൽ പിടിവാശിയെടുത്തു മുന്നണി ബന്ധത്തിനുവിള്ളലുണ്ടാക്കുന്ന നിലയിലാണ് സിപിഐ പ്രവർത്തിച്ചതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.
മുന്നണിയിലെത്തിയ കേരള കോണ്ഗ്രസ് എമ്മിന്റെ നേതാവ് ജോസ് കെ.മാണിയുടെ പാലായിലെ വിജയം ഉറപ്പാക്കുന്ന കാര്യത്തിൽ മണ്ഡലം കമ്മറ്റിക്കു വീഴ്ച പറ്റിയെന്നും കുറ്റപ്പെടുത്തുന്നുണ്ട്.
കേരള കോണ്ഗ്രസ് മുന്നണിയുടെ ഭാഗമായതോടെ ജില്ലയിലെ ഒന്പതിൽ അഞ്ച് മണ്ഡലങ്ങളിലും എൽഡിഎഫിന് വിജയിക്കാനായെന്നും വൈക്കം നിയോജകമണ്ഡലത്തിൽ 50 ശതമാനത്തിലേറെ വോട്ടും കുമരകം പഞ്ചായത്തിൽ 55 ശതമാനത്തിലേറെ വോട്ടും നിയമസഭ തെരഞ്ഞെടുപ്പിൽ നേടാനായെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രളയം, കോവിഡ്, ഉരുൾപൊട്ടൽ എന്നിവയുമായി ബന്ധപ്പെട്ട് പാർട്ടി നടത്തിയ ഇടപെടലുകളും റിപ്പോർട്ടിൽ വിശദമായി പറയുന്നുണ്ട്. വെള്ളൂർ കെപിപിഎൽ, റബർപാർക്ക്, റൈസ് പാർക്ക്, നെല്ല് സംഭരണ സൊസൈറ്റിയുമൊക്കെ ഭരണനേട്ടമായി വിവരിക്കുന്നുണ്ട്.
പോലീസിനും വിമർശനം
പ്രതിനിധി സമ്മേളനത്തിലെ ചർച്ചയിൽ പോലീസിനെ വിമർശിച്ചും അഭിപ്രായം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് നടത്തിയ അഴിഞ്ഞാട്ടവും അക്രമണങ്ങളും രണ്ടാം പിണറായി സർക്കാരിന്റെ ശോഭ കെടുത്തിയെന്ന് തലയോലപ്പറന്പ്, ഏറ്റുമാനൂർ, ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി തിരുവനന്തപുരത്ത് നടത്തിയ മെഗാ തിരുവാതിര പാർട്ടി അംഗങ്ങളുടെ അച്ചടക്കമില്ലായ്മയുടെ തെളിവാണെന്നും ഇതു സംഘടിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ ആവശ്യപ്പെട്ടു.
ചർച്ചയ്ക്കും മറുപടിക്കും ശേഷം ഇന്നു സമ്മേളനം അവസാനിക്കും. നാളെ രാവിലെ സംസ്ഥാന നേതാക്കളുടെ അധ്യക്ഷതയിൽ ചേരുന്ന ജില്ലാ കമ്മിറ്റി പുതിയ നേതൃനിരയുടെ പാനൽ അവതരിപ്പിക്കും. മത്സരങ്ങൾ ഒഴിവാക്കി പുതിയ നേതൃനിരയെ തെരഞ്ഞെടുക്കാനാണ് ശ്രമം. നിലവിലെ ജില്ലാ സെക്രട്ടറി എ.വി. റസൽ സെക്രട്ടറിയായി തുടരും.
വി.എൻ. വാസവൻ മന്ത്രിയായതിനെത്തുടർന്നാണ് ഒന്പതു മാസം മുന്പാണ് റസൽ സെക്രട്ടറിയാകുന്നത്. ജില്ല കമ്മിറ്റിയിൽ രണ്ട് അംഗങ്ങളേക്കുടി ഉൾപ്പെടുത്താനും 75 വയസുകഴിഞ്ഞവരെ ഒഴിവാക്കാനുമാണ് സാധ്യത. വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ എട്ടംഗ ജില്ലാ സെക്രട്ടേറിയേറ്റ് ഒന്പതാക്കും. സിനീയേഴ്സ് പലരും ഒഴിവാകുന്നതോടെ നിരവധി പുതുമുഖങ്ങൾ ഇനി ജില്ലാ കമ്മിറ്റിയിലെത്തുമെന്നാണ് സൂചന.