സ്വന്തം ലേഖകൻ
കോഴിക്കോട്: സിപിഐ കയ്യാളുന്ന വനം, റവന്യൂ വകുപ്പുകള്‍ വരുത്തിവച്ച മരംമുറി വിവാദം കെട്ടടങ്ങും മുന്‍പേ മറ്റു ഘടകകക്ഷികളായ ഐഎന്‍എല്‍, എന്‍സിപി എന്നിവയിലെ വിവാദങ്ങളില്‍ കുടുങ്ങി സിപിഎം. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളും കോഴവിവാദവുമാണ് ആദ്യമായി ഇടതുസര്‍ക്കാരില്‍ മന്ത്രിസ്ഥാനം വഹിക്കുന്ന ഐഎന്‍എലിന് പ്രശ്നം സൃഷ്ടിച്ചത്.
ഇതോടെ ഇന്നലെ പാര്‍ട്ടി ഔദ്യോഗികമായി തന്നെ പിളര്‍ന്നു.നേതൃയോഗത്തില്‍ കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെന്ന് അബ്ദുൾ വഹാബും അബ്ദുൾ വഹാബിനെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെന്ന് കാസിം ഇരിക്കൂറും പ്രഖ്യാപിച്ചു. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ കാസിം ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനൊപ്പമാണ്.
ഔദ്യോഗികമായി മുന്നണിയില്‍ ഉള്പ്പെടുത്താതിരിക്കുമ്പോഴും പരാതിയും പരിഭവവുമില്ലാതെ എല്‍ഡിഎഫിനൊപ്പം വര്‍ഷങ്ങളോളം ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ച ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ മന്ത്രി സ്ഥാനം അഹമ്മദ് ദേവര്‍കോവിലിന് ലഭിച്ചതോടെ ചേരി തിരിയുകയായിരുന്നു.
ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന അഹമ്മദ് ദേവര്‍ കോവിലിന് മന്ത്രിസ്ഥാനം ലഭിച്ചത് പാര്‍ട്ടിക്കുള്ളില്‍ വലിയ വിഭാഗീയതയ്ക്ക് വഴിയൊരുക്കിയതിന്റെ ഫലമാണ് ഇന്നലെയുണ്ടായ അടിച്ചുപിരിയല്‍. മന്ത്രി പാര്‍ട്ടിയോട് ആലോചിക്കാതെ തീരുമാനമെടുക്കുന്നു എന്ന ആരോപണമാണ് ആദ്യം ഉയര്‍ന്നത്.
പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതടക്കമുള്ള പ്രധാനവിഷയങ്ങളില്‍ മന്ത്രി സ്വന്തം നിലയ്ക്കാണ് തീരുമാനമെടുക്കുന്നത് എന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രഫ. അബ്ദുള്‍ വഹാബ് ആരോപിക്കുന്നു.അതേസമയം മറ്റൊരു ഘടകകക്ഷിയായ എന്‍സിപി മന്ത്രിയായ എ.കെ.ശശീന്ദ്രന് പീഡന വിവാദം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ വലിയ രീതിയില്‍ പ്രതിരോധത്തിലാണ്.
ഇതും സര്‍ക്കാരിന് വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. പാര്‍ട്ടിയിലെ ചേരിപ്പോരാണ് രണ്ടാം തവണയും മന്ത്രിയായ എ.കെ.ശശീന്ദ്രന് വിനയായത്.വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുത്തതോടെ പരാതിക്കാരിയെ ഉള്‍പ്പെടെ സ്വാധീനിച്ച് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് പാര്‍ട്ടിയില്‍ നടക്കുന്നത്.
എന്നാല്‍ ഇതില്‍ എന്‍സിപിയിലെ തന്നെ ഒരു വിഭാഗത്തിന് തീരേ യോജിപ്പില്ല. രണ്ടാം ഇടതുസര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത ഘടകകക്ഷികളുടെ കാര്യത്തില്‍ കൈമോശം വന്നുവെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളില്‍ നിന്നും ഉയരുന്നത്. ഇത് തുടര്‍ചര്‍ച്ചകളില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്.