പ്രബൽ ഭരതൻ
കോഴിക്കോട്: മാലിന്യ പ്ലാന്റ് നിർമാണത്തെ ചൊല്ലി ജില്ലയുടെ കിഴക്കൻമലയോര മേഖലയിൽ സിപിഎം പിളർപ്പിലേക്ക്. സിപിഎമ്മിന്റെ എക്കാലത്തെയും ശക്തികേന്ദ്രങ്ങളിലൊന്നായ ചാത്തമംഗലം പഞ്ചായത്തിന്റെയും മുക്കം നഗരസഭയുടെയും അതിർത്തിയായ ചെന്പക്കോട് മലയിലാണ് മാലിന്യ പ്ലാന്റ് നിർമിക്കുന്ന പദ്ധതിയുമായി പഞ്ചായത്ത് മുന്നോട്ട് പോകുന്നത്.
മാലിന്യം വേർതിരിക്കാൻ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഒരു യൂണിറ്റ് വേണമെന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ചെന്പക്കോട് മലയിൽ പ്ലാന്റ് നിർമിക്കാനുദ്ദേശിക്കുന്നത്. എന്നാൽ പദ്ധതിക്കെതിരേ ഇതിനോടകം തന്നെ ജനം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്ത് വില കൊടുത്തും പ്രദേശത്ത് മാലിന്യപ്ലാന്റ് നിർമിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശത്തെ ഭൂരിഭാഗം വരുന്ന സിപിഎം അണികൾ. സിപിഎം ഭരിക്കുന്ന ചാത്തമംഗലം പഞ്ചായത്തിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെയാണ് തങ്ങൾ പ്രതിഷേധവുമായി മുന്നോട്ട് വരുന്നതെന്ന് പാർട്ടി അണികൾ വ്യക്തമാക്കുന്നു. ചാത്തമംഗലത്തിന്റെയും മുക്കം നഗരസഭയുടെയും അതിർത്തിയിൽ 90 ശതമാനുവും കർഷകരാണ്.
തെങ്ങ് കൃഷിയിലൂടെ ലഭിക്കുന്ന വരുമാനത്തിലാണ് പ്രദേശവാസികൾ ജീവിക്കുന്നത്. പ്ലാന്റ് വരുന്നതോടെ കൃഷി നശിക്കുന്നതുൾപ്പെടെയുള്ള അവസ്ഥയിലേക്ക് നീങ്ങുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ചെന്പക്കോട് മലയിൽ വരുന്നത് മാലിന്യ പ്ലാന്റ് അല്ലെന്നും പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കുന്ന യൂണിറ്റാണെന്നും ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ബീന രാഷ്ട്രദീപികയോട് പറഞ്ഞു.
പദ്ധതിയിൽ പഞ്ചായത്തിന് പ്രത്യേക താത്പര്യമില്ലെന്നും അവർ പറഞ്ഞു. യൂണിറ്റിൽ പ്ലാസ്റ്റിക് മാലിന്യം എത്തിച്ച് ഇവിടെ നിന്ന് പ്ലാസ്റ്റിക് വേർതിരിക്കുക മാത്രമാണ് ചെയ്യുക. ഇതിന് ഹരിതകർമസേനയെ ചുമതലപ്പെടുത്തുകയാണ് ചെയ്യുകയെന്നും അവർ പറഞ്ഞു.
സമാനമായ പ്ലാന്റ് മാവൂർ പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും ബീന പറഞ്ഞു. എന്നാൽ ജനങ്ങളുടെ എതിർപ്പ് ഉയർന്ന് വരുന്നത് കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിതയിട്ടുണ്ടെന്നും ചാത്തമംഗലത്തെ റവന്യൂ ഭൂമിയിലേക്ക് പ്ലാന്റ് മാറ്റാനുള്ള അനുമതി നൽകണമെന്ന് കളക്ടറോട് പറഞ്ഞതായും ബീന വ്യക്തമാക്കി. അതേസമയം പ്ലാന്റ് വരുന്നതോടെ തങ്ങൾ വലിയ പ്രതിസന്ധിയിലാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. തുടക്കത്തിലുണ്ടാകുന്ന ആവേശം ഒരു പദ്ധതിയിലും പിന്നീട് ഉണ്ടാകാറില്ലെന്നും ജനങ്ങൾ പറയുന്നു.
ആരംഭത്തിൽ മാലിന്യം ഇവിടെ നിന്ന് ശഖരിച്ചു കൊണ്ടുപോകുമെന്ന് വിശ്വസിച്ചാലും കാലക്രമേണ പദ്ധതി മുരടിക്കുമെന്ന ഭീതിയിലാണ് ജനങ്ങൾ. ഇതുതന്നെയാണ് പാർട്ടി അനുഭാവികൾ സമരവുമായി രംഗത്തിറങ്ങാൻ കാരണവും. പദ്ധതിയുമായി പഞ്ചായത്ത് മുന്നോട്ട് പോകുകയാണെങ്കിൽ പ്രദേശം വലിയ സമരത്തിന് തന്നെ സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് ജനം പറയുന്നത്.