കാവാലം: മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐക്കും എൻസിപിക്കും സിപിഎം കുട്ടനാട് ഏരിയാ സമ്മേളനത്തിൽ ശക്തമായ വിമർശനം.ഇന്നലെ കാവാലത്താരംഭിച്ച സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ സിപിഎം തങ്ങളുടെ നിലപാട് വ്യക്തമാക്കി. ചാലയിൽ പുരയിടത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ ആരംഭിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത സിപിഎം സംസ്ഥാന സമിതിയംഗവും മുൻ എംപിയുമായ സി.എസ്. സുജാതയാണ് സിപിഐക്കെതിരെ വിമർശനം ഉന്നയിച്ചത്. ഘടകകക്ഷികൾ മുന്നണി മര്യാദ ലംഘിക്കുന്പോൾ മിണ്ടാതിരിക്കാനാവില്ലെന്നാണ് ഇന്നലെ സിപിഐക്കെതിരെ സുജാത പരോക്ഷമായി പറഞ്ഞത്.
എൽഡിഎഫിലെ ചില കക്ഷികളിൽ നിന്നും സർക്കാരിന് അവമതിപ്പുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് കരുതിയാണ് ഇത്തരം സന്ദർഭങ്ങളിൽ മിണ്ടാതിരിക്കുന്നത്. സിപിഎം ആണ് മുന്നണിയെ നയിക്കുന്നത്. അതിനാൽ ഇത്തരം നടപടികൾ അധികമായാൽ പാർട്ടിക്ക് നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും അവർ മുന്നറിയിപ്പു നൽകി.
സമ്മേളനത്തിൽ മുൻ ഗതാഗത മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിക്ക് എതിരെ രൂക്ഷവിമർശനം ഉണ്ടായി. പ്രതിനിധി സമ്മേളനത്തിനെത്തിയ ഭൂരിഭാഗം അംഗങ്ങളും എംഎൽഎയുടെ പ്രവർത്തനങ്ങളെ വിമർശിച്ചു. പാഴ്വസ്തുവിനെയാണ് ഇത്രയും കാലം സിപിഎം ചുമന്നതെന്നും ഇനിയിത് സഹിക്കുവാൻ പറ്റില്ലെന്നും അംഗങ്ങൾ തുറന്നടിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ സിപിഎം കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന് മുഴുവൻ പ്രതിനിധികളും ആവശ്യപ്പെട്ടു.
കായൽ കൈയേറ്റ വിവാദത്തിൽ മന്ത്രിയുടെ രാജി വൈകിപ്പിച്ചത് പാർട്ടിക്കു ക്ഷീണമുണ്ടാക്കിയെന്ന് അംഗങ്ങൾ ആരോപിച്ചു. ജയിപ്പിച്ചു വിട്ട ജനങ്ങളോട് നന്ദി അറിയിക്കുവാൻ പോലും എംഎൽഎ കുട്ടനാട്ടിലെത്തിയിട്ടില്ല. ഘടകകക്ഷി സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്പോൾ ഏരിയാ കമ്മിറ്റിയും ജില്ലാ കമ്മറ്റിയും ജാഗ്രത പാലിക്കണമെന്നും പ്രതിനിധികൾ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സിപിഐയുടെ തുടർച്ചയായുള്ള മുന്നണി മര്യാദ ലംഘനം വച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി സജി ചെറിയാൻ, സംസ്ഥാന കമ്മറ്റി അംഗം സി. ബി. ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ഡി. ലക്ഷ്മണൻ, കെ. പ്രസാദ്, എ. മഹീന്ദ്രൻ, ടി. കെ. ദേവകുമാർ, എച്ച.് സലാം, കെ. കെ. അശോകൻ, പി. വി. രാമഭദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഏരിയ സെക്രട്ടറി ജി. ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ച ഇന്നും തുടരും. അതിനു ശേഷം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും.
കടുത്ത മത്സരത്തിന് കുട്ടനാട് സമ്മേളനം വേദിയാവാനാണ് സാധ്യത. ഏരിയാ സമ്മേളനത്തിനു മുന്നേടിയായി നടന്ന ലോക്കൽ സമ്മേളനങ്ങളിൽ ഗ്രൂപ്പ് തിരിഞ്ഞുള്ള മത്സരങ്ങൾ നടന്നിരുന്നു. ഇത് കണക്കിലെടുത്ത് ജില്ലാ കമ്മറ്റിയുടെ കർശന നിയന്ത്രണത്തിലുമാവും ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുക.