കോഴിക്കോട്: പ്രതിഷേധ കോലാഹലങ്ങള്‍ക്കിടെ സംസ്ഥാനം ഉറ്റുനോക്കുന്ന കുറ്റ്യാടി മണ്ഡലത്തില്‍ കാര്യങ്ങള്‍ ക്ലൈമാക്സിലേക്ക്. സിപിഎം ചരിത്രത്തിലെ തന്നെ അസാധാണ സാഹചര്യം പാര്‍ട്ടി എങ്ങിനെ നേരിടുമെന്ന ചോദ്യമാണ് ഉയരുന്നത്.
നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം നടക്കുന്നതിനിടെ കുറ്റ്യാടി ഒഴിവാക്കി കേരള കോണ്‍ഗ്രസ്- എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതു പാര്‍ട്ടി പുനരാലോചനയ്ക്ക് ഒരുങ്ങുന്നുവെന്ന സൂചനയാണ് നല്കുന്നതെങ്കിലും കാര്യങ്ങൾ വ്യക്തമായിട്ടില്ല. തീരുമാനം മാറ്റിയാൽ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമോ എന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്.
എന്തായാലും കാര്യത്തില്‍ ഇന്നുതന്നെ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പരസ്യപ്രതിഷേധം ഉയര്‍ന്ന സാഹചര്യം വ്യക്തമാക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളാ കോൺഗ്രസുമായി ചര്‍ച്ച നടത്തിയാകും തീരുമാനം.
നുഴഞ്ഞുകയറിയോ?
കുറ്റ്യാടിയിൽ കേരളാ കോൺഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയ മുഹമ്മദ് ഇക്ബാൽ അവസാന നിമിഷം കോഴിക്കോട് യാത്ര മാറ്റി. അതേസമയം, ഇന്നലെ നടന്ന പരസ്യപ്രതിഷേധത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെതിരെ മുദ്രാവാക്യം വിളികൾ ഉയര്‍ന്നതിനെതിരെ പാര്‍ട്ടി അന്വേഷണം തുടങ്ങി.
പ്രകടനത്തിൽ ബിജെപി പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്തായാലും പ്രകടനത്തിലെ ജനപങ്കാളിത്തം നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നു.
അനിശ്ചിതത്വം
കുറ്റ്യാടിയിലെ പ്രതിഷേധം നാദാപുരം, പേരാന്പ്ര, വടകര എന്നീ മണ്ഡലങ്ങളെക്കൂടി ബാധിക്കുമെന്നും പാര്‍ട്ടി വിലയിരുത്തലുണ്ട്. യുഡിഎഫിലായിരിക്കെ കേരള കോൺഗ്രസ് കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര മണ്ഡലത്തിലാണ് മത്സരിച്ചിരുന്നത്.
കഴിഞ്ഞ തവണ ടി.പി. രാമകൃഷ്ണനോടു തോറ്റു. ഇവിടെ ഇത്തവണയും രാമകൃഷ്ണൻ തന്നെയാണ് എൽഡിഎഫ് സ്ഥാനാർഥി. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ എത്തിയപ്പോള്‍ പേരാമ്പ്രയ്ക്കു പകരം കുറ്റ്യാടി നല്‍കുകയായിരുന്നു.
കുറ്റ്യാടി ലഭിച്ചാല്‍ വിജയസാധ്യത ഏറെയാണെന്ന് കേരള കോണ്‍ഗ്രസും കരുതുന്നു. ഇതിനിടെയാണ് പാര്‍ട്ടി നേതൃത്വത്തെ പോലും അമ്പരപ്പിച്ച് പ്രതിഷേധം അണപൊട്ടിയത്. ഇതാണ് കാര്യങ്ങള്‍ അനിശ്ചിതത്വത്തിലാക്കിയത്.