പ്രളയത്തില്‍ സര്‍വസ്വവും തകര്‍ന്നവര്‍ക്ക് നാലുലക്ഷം രൂപ മാത്രം കിട്ടിയപ്പോള്‍ ഒരു പുല്‍ക്കൊടി പോലും നഷ്ടമാകാത്ത സിപിഎം നേതാവിന് പ്രളയസഹായമായി കിട്ടിയത് 10 ലക്ഷം രൂപ. സംഭവം വിവാദമായതോടെ തുക കളക്ടര്‍ തിരിച്ചുപിടിക്കുകയും കളക്ടറേറ്റിലെ ദുരിതാശ്വാസ സെല്ലിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുകയും ചെയ്തു.
എറണാകുളം കാക്കനാട് നിലംപതിഞ്ഞ മുകളില്‍ താമസിക്കുന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം എം അന്‍വറിന്റെ അക്കൗണ്ടിലാണ് പണം വന്നത്. സംഭവത്തില്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെ സസ്പെന്റ് ചെയ്തു. അവസാന ഗഡു ജനുവരിയില്‍ വന്നതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പ്രളയ ദുരിതാശ്വാസത്തില്‍ ദുരിത ബാധിതര്‍ക്കുള്ള സഹായത്തിലെ പണമായിരുന്നു ഇത്.
പ്രളയത്തിന്റെ യാതൊരു പ്രശ്നവും ഇല്ലാത്ത നിലംപതിഞ്ഞ മുകളില്‍ താമസിക്കുന്ന അന്‍വറിന്റെ അക്കൗണ്ടിലേക്ക് പ്രളയ ദുരിതാശ്വാസം എന്ന ഇനത്തില്‍ ജില്ലാ ഭരണകൂടം പല ഗഡുക്കളായി ഇട്ടുകൊടുത്തത് പത്തര ലക്ഷം രൂപയായിരുന്നു. ഇതില്‍ അഞ്ചു ലക്ഷം ഇയാള്‍ ഉടനടി പിന്‍വലിക്കുകയും ചെയ്തു. പ്രളയബാധിതനല്ലാത്ത സിപിഎം നേതാവിന് എങ്ങിനെയാണ് പ്രളയ ധനസഹായം കിട്ടിയത് എന്ന് സംശയം പ്രകടിപ്പിച്ച് ഇടപാട് നടത്തിയ സഹകരണ ബാങ്ക് മാനേജര്‍ കളക്ടറെ സമീപിച്ചതോടെയാണ് സംഭവം വിവാദമായത്.
വിവിധ ഘഡുക്കളായാണ് ഇയാള്‍ക്ക് തുക ലഭിച്ചത്. അവസാനം ജനുവരിയില്‍ ലഭിച്ച ഒന്നര ലക്ഷം കൂടിയെത്തിയപ്പോള്‍ ആകെ കിട്ടിയ തുക
10, 54,000 രൂപയായി. ജനുവരി 24നാണ് അയ്യനാട് സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് ഒന്നേ മുക്കാല്‍ ലക്ഷം രൂപയുടെ അവസാന ഗഡു എത്തിയത്. നല്ല മഴപോലും കൃത്യമായി കിട്ടാത്ത നിലംപതിഞ്ഞ മുകളില്‍ എങ്ങനെയാണ് അന്‍വറിന് പ്രളയ ധനസഹായം കിട്ടുന്നതെന്ന സംശയം തോന്നിയ സഹകരണ ബാങ്ക് ജില്ലാ കളക്ടറെ കണ്ടു വിവരം ചോദിച്ചപ്പോഴാണ് തുക അനധികൃതമായി അനുവദിച്ചതാണെന്ന കണ്ടെത്തിയത്.
ഇതേത്തുടര്‍ന്ന് തുക തിരിച്ചു പിടിക്കാന്‍ ബാങ്കിന് കളക്ടര്‍ നിര്‍ദേശം നല്കി. പണം തിരിച്ചുപിടിച്ചെങ്കിലും ക്രമക്കേടില്‍ ഇതുവരെ അന്വേഷണം ഉണ്ടായില്ല. എന്നാല്‍ താന്‍ ദുരിതാശ്വാസ സഹായത്തിന് അപേക്ഷിച്ചിട്ടില്ലെന്നും എങ്ങനെയാണ് പണം എത്തിയതെന്ന് അറിയില്ലെന്നാണ് അന്‍വര്‍ പാര്‍ട്ടിയെ അറിയിച്ചത്. ഒന്നുമറിയാഞ്ഞ പാവം പിന്നെ അഞ്ചു ലക്ഷം പിന്‍വലിച്ചത് എങ്ങനെയെന്ന ചോദ്യമാണ് ഇപ്പോളുയരുന്നത്.